മനാമ: സമുദ്രപാതകളുടെ സുരക്ഷ, മേഖലാ സഹകരണം, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ എന്നിവ ചർച്ച ചെയ്ത 22-ാമത് ഐഐഎസ്എസ് മനാമ ഡയലോഗ് സമാപിച്ചു. ഒക്ടോബർ 30 മുതൽ നവംബർ 1 വരെ നടന്ന ഉച്ചകോടിയുടെ അവസാനദിനത്തിൽ സമുദ്രസുരക്ഷയും ആഗോള സുരക്ഷാ ഭരണസംവിധാനവും സംബന്ധിച്ച പ്ലീനറി സമ്മേളനങ്ങൾ നടന്നു.
സമുദ്രങ്ങൾ പൊതുസ്വത്താണെന്നും അവയുടെ സുരക്ഷ ഉറപ്പാക്കുന്നത് ആഗോള ഉത്തരവാദിത്തമാണെന്നും ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. സമുദ്രപാതകളിലെ തടസ്സങ്ങൾ ഇന്ധനം, വൈദ്യുതി, വളം എന്നിവയുടെ വില ഉയർത്തി വികസ്വര രാജ്യങ്ങളെയും സാധാരണ കുടുംബങ്ങളെയും ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാവികരുടെയും കപ്പൽഗതാഗതത്തിന്റെയും സുരക്ഷയ്ക്കൊപ്പം അന്താരാഷ്ട്ര സമുദ്രനിയമവും സംരക്ഷിക്കണമെന്നും തർക്കങ്ങൾ നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗൾഫ് സുരക്ഷാ തീരുമാനങ്ങളിൽ ജി.സി.സി രാജ്യങ്ങളെ യഥാർഥ പങ്കാളികളാക്കണമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി പറഞ്ഞു. ജി.സി.സി രാജ്യങ്ങളും ജോർദാനും മിസൈൽ, ഡ്രോൺ, ക്രൂസ് മിസൈൽ ആക്രമണങ്ങൾ ഉൾപ്പെടെ ഏകദേശം 7,000 ആക്രമണങ്ങൾ നേരിട്ടതായും വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഡാറ്റാ സെന്ററുകൾ തുടങ്ങിയവ ലക്ഷ്യമിട്ടതായും അദ്ദേഹം വ്യക്തമാക്കി.
ബഹ്റൈൻ വിദേശകാര്യ മന്ത്രാലയവും ഐഐഎസ്എസും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിലെ മന്ത്രിമാരും മുതിർന്ന രാഷ്ട്രീയ, സൈനിക, സുരക്ഷാ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും പങ്കെടുത്തു. “മിഡിൽ ഈസ്റ്റ് സുരക്ഷ: താൽപര്യങ്ങൾ, സഹകരണം, സംയോജനം” എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം.

