ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കായി ഒരു സ്ഥലം അനിശ്ചിതകാലത്തേക്ക് കൈയേറി വയ്ക്കാൻ ആർക്കും അവകാശമില്ലെന്ന് സുപ്രീംകോടതി. പ്രതിഷേധങ്ങൾക്ക് നിശ്ചിത സ്ഥലവും സമയവും വേണമെന്നും കോടതി നിരീക്ഷിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ പാർട്ടികളും മറ്റുള്ളവരും ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഹർജിയിൽ വ്യാപാരികളെയും കക്ഷികളാക്കാൻ കോടതി നിർദേശിച്ചു.
“പ്രതിഷേധിക്കുന്നവർക്ക് ഒരു സ്ഥലം എന്നെന്നേക്കുമായി കൈവശം വയ്ക്കാനാവില്ല. മറ്റുള്ളവർക്കും പ്രതിഷേധിക്കേണ്ടേ? കർഷകരും അഭിഭാഷകരും എവിടെ പോകും? എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്,” ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു.
പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നവർ തങ്ങളുടെ നടപടികളുടെ പ്രത്യാഘാതങ്ങൾക്കും ഉത്തരവാദികളായിരിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ജന്തർ മന്തറിനെ പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയശേഷം ആഭ്യന്തര മന്ത്രാലയം പകരം മൂന്ന് സ്ഥലങ്ങൾ നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 20-ലെ പ്രതിഷേധത്തിന് ഒരുദിവസത്തേക്ക് മാത്രമാണ് അനുമതി നൽകിയിരുന്നതെന്നും എന്നാൽ പ്രതിഷേധക്കാർ സ്ഥലം കൈവശപ്പെടുത്തുകയും പാർലമെന്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തുവെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി.

