തിരുവനന്തപുരം: ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർഥിയായ അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ ഉമറിന്റെ സുഹൃത്ത് ഐശ്വര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ഗൂഢാലോചനയിൽ ഐശ്വര്യക്കും പങ്കുണ്ടെന്നാണ് പൊലീസിന്റെ ആരോപണം.
കൊലപാതകം നടന്ന സമയത്ത് ഉമർ വീട്ടിലായിരുന്നുവെന്ന് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കുന്ന പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് ഫോൺ വീട്ടിൽ വെച്ചുപോയതെന്നാണ് അന്വേഷണസംഘം പറയുന്നത്. ഐശ്വര്യയെ വിളിച്ച് കോൾ തുടരുന്ന നിലയിൽ ഫോൺ വീട്ടിൽവെച്ച് ഉമറും പ്രായപൂർത്തിയാകാത്ത പ്രതിയും പാങ്ങപ്പാറയിലേക്ക് പോയി അഭിരാമിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചാൽ താൻ സംഭവസ്ഥലത്ത് പോയിട്ടില്ലെന്ന് ചാറ്റിലൂടെ വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യമെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ 17കാരനോട് ആവശ്യപ്പെട്ടതും ഉമറാണെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. കൊലപാതകത്തിനിടെ 17കാരൻ ധരിച്ചിരുന്ന വസ്ത്രം ഇന്നലെ നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
അഭിരാമിനെ വീട്ടിന് പുറത്തേക്ക് വിളിച്ചിറക്കാൻ ഉപയോഗിച്ച ഫോൺ പ്രതികൾ ഒളിപ്പിച്ചിരിക്കുകയാണെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ തോടും കുറ്റിക്കാടുകളും അരിച്ചുപെറുക്കിയെങ്കിലും ഫോൺ ഉൾപ്പെടെയുള്ള തൊണ്ടിമുതൽ കണ്ടെത്താനായിട്ടില്ല. കേസിൽ പ്രായപൂർത്തിയാകാത്ത പ്രതിയും ഇയാളുടെ കാമുകി ആനന്ദയും ഉമറും നേരത്തെ റിമാൻഡിലായിരുന്നു. കൂടുതൽ തെളിവുകൾ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.

