തിരുവനന്തപുരം: ബാറുകളിൽ മദ്യപിക്കാനെത്തുന്ന എല്ലാവരുടെയും ആധാർ കാർഡ് പരിശോധിക്കണമെന്ന നിർദേശമല്ല സർക്കാർ നൽകിയതെന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. 23 വയസ്സ് തികഞ്ഞിട്ടില്ലെന്ന് സംശയം തോന്നുന്നവരുടെ പ്രായം ആധാർ കാർഡ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ മദ്യം നൽകാവൂവെന്നും അദ്ദേഹം പറഞ്ഞു.
23 വയസ്സാണ് സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. പ്രായപരിധി കർശനമായി പാലിക്കണം. പ്രായപൂർത്തിയാകാത്തവരാണെന്ന് സംശയം തോന്നിയാൽ ആധാർ കാർഡ് നിർബന്ധമായും പരിശോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മദ്യം നൽകുന്നതിന് മുമ്പ് പ്രായം ഉറപ്പാക്കേണ്ടത് ബാർ ലൈസൻസുകാരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾ തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചുവെന്നും മന്ത്രി പറഞ്ഞു. മദ്യപ്രായപരിധി പാലിക്കാത്തതിലെ വീഴ്ചയാണ് നെടുമ്പാശ്ശേരി മിനികൂപ്പർ അപകടം ഉൾപ്പെടെയുള്ള സംഭവങ്ങളിൽ കണ്ടതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ പുതിയ എക്സൈസ് നയം നവംബറിൽ നിലവിൽ വരും. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും എൽ.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിൽനിന്ന് യു.ഡി.എഫിന്റേത് വ്യത്യസ്തമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

