കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ പണം നഷ്ടപ്പെട്ട വിവരം 24 മണിക്കൂറിനകം ബാങ്കിനെയും പൊലീസിനെയും അറിയിച്ച ഇടപാടുകാരിക്ക് 3.73 ലക്ഷം രൂപ തിരികെ നൽകണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കേരള ഹൈക്കോടതി ഉത്തരവിട്ടു. പരാതിക്കാരിക്ക് തട്ടിപ്പിൽ പങ്കില്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ, റിസർവ് ബാങ്കിന്റെ ‘സീറോ ലയബിലിറ്റി’ വ്യവസ്ഥയുടെ ആനുകൂല്യത്തിന് അവർ അർഹയാണെന്ന് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ വ്യക്തമാക്കി. പരാതി തള്ളിയ ബാങ്കിങ് ഓംബുഡ്സ്മാന്റെ ഉത്തരവും കോടതി റദ്ദാക്കി.
ചിപ്പില്ലാത്ത പഴയ ഡെബിറ്റ് കാർഡുകൾ എസ്ബിഐ ബ്ലോക്ക് ചെയ്യുമെന്ന അറിയിപ്പിന് പിന്നാലെയാണ് പരാതിക്കാരിക്ക് തട്ടിപ്പ് സന്ദേശം ലഭിച്ചത്. കാർഡ് ബ്ലോക്ക് ആകാതിരിക്കാൻ ഓൺലൈനായി വിവരങ്ങൾ പുതുക്കണമെന്ന് ആവശ്യപ്പെട്ട സന്ദേശത്തിന് പിന്നാലെ, അതേ നമ്പറിൽനിന്ന് ഒരാൾ വിളിക്കുകയും ‘സ്റ്റേറ്റ് ബാങ്ക് സെക്യൂർ ആപ്പ്’ ഇൻസ്റ്റാൾ ചെയ്യാനെന്ന വ്യാജേന ഒടിപി ചോദിക്കുകയും ചെയ്തു. ഒടിപി കൈമാറിയതിനു പിന്നാലെ അക്കൗണ്ടിൽനിന്ന് 3.75 ലക്ഷം രൂപ നഷ്ടപ്പെട്ടു.
തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടൻ പരാതിക്കാരി ബാങ്കിന്റെ കസ്റ്റമർ കെയറിലും ശാഖയിലും വിവരമറിയിക്കുകയും നെറ്റ് ബാങ്കിങ് മരവിപ്പിക്കുകയും ചെയ്തു. അന്നുതന്നെ പൊലീസിലും പരാതി നൽകി. അന്വേഷണത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ സന്ദീപ് ബൗരിയാണ് തട്ടിപ്പിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.
പണം തിരികെ നൽകാൻ ബാങ്ക് തയ്യാറാകാത്തതിനെ തുടർന്ന് പരാതിക്കാരി ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിച്ചു. ഒടിപി പങ്കുവെച്ചത് ഇടപാടുകാരിയുടെ അശ്രദ്ധയാണെന്ന വിലയിരുത്തലിൽ ഓംബുഡ്സ്മാൻ പരാതി തള്ളുകയായിരുന്നു. തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.
തട്ടിപ്പ് നടന്ന വിവരം മൂന്ന് പ്രവൃത്തി ദിവസത്തിനകം ബാങ്കിനെ അറിയിച്ചാൽ ഉപഭോക്താവിന് ബാധ്യതയുണ്ടാകില്ലെന്ന ആർബിഐ മാസ്റ്റർ സർക്കുലറിലെ വ്യവസ്ഥ പരാതിക്കാരി കോടതിയിൽ ചൂണ്ടിക്കാട്ടി. ഒടിപി നൽകിയാൽ ആപ്പിൽ പ്രവേശിക്കാനേ കഴിയൂ എന്നും പണം പിൻവലിക്കാൻ മറ്റൊരു ഒടിപി വേണ്ടിവരുമെന്നുമാണ് താൻ കരുതിയതെന്നും അവർ വിശദീകരിച്ചു. രഹസ്യവിവരങ്ങൾ പങ്കുവെച്ചത് ഉപഭോക്താവിന്റെ അശ്രദ്ധയാണെന്നും അതിനാൽ നഷ്ടം ഉപഭോക്താവ് വഹിക്കണമെന്നും ബാങ്ക് വാദിച്ചു.
സമാനമായ കേസിൽ ഗുവാഹത്തി ഹൈക്കോടതി നൽകിയതും സുപ്രീം കോടതി ശരിവെച്ചതുമായ വിധിയും ജസ്റ്റിസ് മേനോൻ പരാമർശിച്ചു. തട്ടിപ്പ് നടന്ന ദിവസംതന്നെ പരാതി നൽകിയിട്ടും ബാങ്ക് പണം തിരികെ നൽകാൻ നടപടിയെടുത്തില്ലെന്നും, പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞ ശേഷവും തുടർനടപടി സ്വീകരിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിക്ക് തട്ടിപ്പിൽ പങ്കില്ലെന്ന് വ്യക്തമായതിനാൽ ഈ കേസിൽ ആർ.ബി.ഐ സർക്കുലറിലെ വ്യവസ്ഥ ബാധകമാണെന്നും കോടതി വ്യക്തമാക്കി. നഷ്ടപ്പെട്ട 3.73 ലക്ഷം രൂപ നാലാഴ്ചയ്ക്കകം പരാതിക്കാരിക്ക് തിരികെ നൽകാനാണ് എസ്ബിഐയോട് ഹൈക്കോടതി നിർദേശിച്ചത്.

