
ഇന്ത്യൻ സ്കൂൾ ഭരണകര്‍ത്താക്കള്‍ തുടര്‍ച്ചയായി ലഭിച്ച അധികാരത്തിന്റെ ലഹരിയിലും ധാര്‍ഷ്ട്യത്തിലും ഇന്ത്യന്‍ സ്കൂളിന്റെ നെടും തൂണായ ഭരണഘടനയേയും നിലവില്‍ സ്കൂളിന്റെ ഉടമകളായ രക്ഷിതാക്കളേയും വെറും നോക്കു കുത്തികളാക്കി ഇന്ത്യന്‍ സ്കൂള്‍ എന്ന മഹത്പ്രസ്ഥാനത്തെ തകര്‍ക്കരുതെന്ന് യൂ.പി.പി അടിയന്തിരമായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലൂടെ മുന്നറിയിപ്പ് നല്കി.
ഇപ്പോള്‍ പ്രത്യേക ജനറല്‍ ബോഡി തന്നെ വിളിച്ചുചേർത്തിരിക്കുന്നത് സ്കൂൾ നിയമാവലിക്ക് വിരുദ്ധമായാണ് . 10 ദിവസം മുന്‍പ് നോട്ടീസ് നൽകേണ്ടതിനു പകരം 7 ദിവസത്തെ ഇടവേള മാത്രമാണ് നൽകിയത് .
ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ അഭിമാന സ്തംഭമായ ഇന്ത്യൻ സ്കൂൾ വരും കാലങ്ങളിലും അതിന്റെ എല്ലാ പ്രൗഢിയോടെയും നിലനിൽക്കേണ്ടത് മൊത്തം ഇന്ത്യൻ സമൂഹത്തിന്റെ ആവശ്യമാണ്.
8000 ൽ അധികം രക്ഷിതാക്കളും 11,000 ൽ അധികം കുട്ടികളും ഉള്ള ഒരു വലിയ സ്ഥാപനത്തിനു സി ആർ (ലൈസന്‍സ്) നിർബന്ധമാണെങ്കിൽ അതാരുടെ പേരിൽ എങ്ങിനെ എടുക്കണം എന്നത് വിശദമായി രക്ഷിതാക്കളുമായി ചർച്ച ചെയ്യപ്പെടേണ്ട കാര്യമാണ്.
വലിയ തോതില്‍ ആസ്തിയുള്ള ഒരു സ്ഥാപനം അടുത്ത മാസം സ്ഥാനം ഒഴിയാനുള്ള ഒരു കമ്മിറ്റിക്ക് തോന്നുന്ന രീതില്‍ ഏതെന്കിലും വ്യക്തികളുടെ പേരിൽ ലൈസൻസ് എടുക്കുവാൻ തുനിയുന്നത് ഒട്ടും അനുവദനീയമായ കാര്യമല്ല.
ലക്ഷ കണക്കിനു ദിനാറിന്റെ വരവുചിലവുകളാണ് സ്കൂൾ ഓഡിറ്റ് റിപ്പോർട്ട് പ്രകാരം തന്നെ ഓരോ വർഷവും ക്രയവിക്രയം ചെയ്യപ്പെടുന്നത്. ഇന്ത്യൻ സ്കൂൾ ഭരണഘടന പ്രകാരം രക്ഷിതാക്കളാണ് ഇതിന്റെയെല്ലാം പരമാധികാരികൾ. ഓരോ മൂന്നു വര്‍ഷം കൂടുമ്പോഴും തിരഞ്ഞെടുക്കുന്ന മാനേജ്മെന്റ് പ്രതിനിധികളുടെ ഉത്തരവാദിത്തം സുതാര്യമായി സ്കൂൾ നടത്തികൊണ്ടുപോകുവാൻ പ്രിന്‍സിപ്പാളിനെയും മറ്റു സ്റ്റാഫുകളെയും സഹായിക്കുക എന്നതാണ് .
സ്കൂൾ നിയമാവലി പ്രകാരം വരുന്ന ഒക്ടോബർ മാസം തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്. അതിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന കമ്മറ്റി ഏതാണോ അവരാണ് ഇനിയുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.
കാലാവധി കഴിയുവാൻ ഒരു മാസം മാത്രം ബാക്കിയുള്ള ഒരു ഭരണസമിതിക്ക് കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി തുടര്‍ച്ചയായി ഭരിച്ചിട്ടും ഈ അവസാന നിമിഷത്തില്‍ പുതിയ കെട്ടിടം പണിയാനുള്ള തിടുക്കവും ധൃതിയും എന്തിന് വേണ്ടിയാണ്. ബന്ധപ്പെട്ടവര്‍ക്ക് ക്രമക്കേടുകള്‍ നടത്താനുള്ള വഴികളൊരുക്കുന്നതിനുള്ള ആസൂത്രണമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു തരത്തിലും അതംഗീകരിക്കുവാൻ കഴിയുന്ന കാര്യമല്ല. തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഭരണസമിതിയാണ് അത്തരം കാര്യങ്ങൾ ഇനിഏറ്റെടുക്കേണ്ടത്
അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഇപ്പോഴും കൃത്യമായി ശമ്പളം കൊടുക്കാന്‍ പറ്റാത്തത് പോലും ഭരണസമിതിയുടെ പിടിപ്പുകേട് കൊണ്ടും കഴിവാല്ലായ്മ ഒന്ന് കൊണ്ടും മാത്രമാണ്. ആസൂത്രണമില്ലായ്മയും അനാവശ്യ ചെലവുകളുമാണ് ഇതിനൊക്കെ പ്രധാന കാരണം.
ഭരണഘടന തിരുത്തി എഴുതുവാനും അതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുവാനും നീണ്ടകാലം ആവശ്യമാണെന്നിരിക്കെ സ്കൂൾ ഭരണഘടന അടിമുടി മാറ്റിയെഴുതുക എന്ന വിചിത്ര നടപടി പതിനായിരത്തോളം വരുന്ന രക്ഷിതാക്കളുമായി ചർച്ചചെയ്യാതെ ഇത്ര ധൃതിവെച്ച് തീരുമാനിക്കാന്‍ ആരാണ് ഈ കമ്മറ്റിക്ക് അധികാരം നൽകിയത് എന്ന് യുപിപി ചോദിച്ചു.
ഒരു തരത്തിലുള്ള രഹസ്യ അജണ്ടകളും ഇല്ലാതെ ഇന്ത്യൻ സ്കൂളിന്റെ നിലവിലെ ഭരണ ഘടന അനുസരിച്ച് എത്രയും വേഗം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കണമെന്നും ഭരണഘടനാ ഭേദഗതിയും സിആർ വിഷയവും അജണ്ടയിൽ പറഞ്ഞ മറ്റു കാര്യങ്ങളും വരാൻ പോകുന്ന പുതിയ ഭരണസമിതിക്ക് വിട്ടുകൊടുക്കണമെന്നും യുപിപി ശക്തമായി ആവശ്യപെട്ടു .
ഒക്ടോബർ മാസം ഇരുപത്തിമൂന്നാം തീയതി വെള്ളിയാഴ്ച, നിയമപ്രകാരം കൂടേണ്ട ജനറല്‍ ബോഡിക്ക് പകരം വിദ്യാഭ്യാസം, സാമ്പത്തികകാര്യങ്ങൾ, തിരഞ്ഞെടുപ്പ് എന്നിവ ഒഴിവാക്കി ഇത്ര ധൃതി വെച്ച് പ്രത്യേക ജനറല്‍ ബോഡി വിളിക്കുന്നത് ദുരുദ്ദേശ്യപരവും, ഭരണഘടനാവിരുദ്ധവും രക്ഷിതാക്കളുടെ അവകാശങ്ങളുടെ നിഷേധവുമാണ്.
സാധാരണഗതിയിൽ ഒരു പ്രത്യേക പൊതുയോഗം (ഇ.ജി.എം) വിളിക്കുന്നത് വളരെ അത്യാവശ്യമായ ഒരു പ്രത്യേക വിഷയത്തിൽ അടിയന്തിരമായി തീരുമാനമെടുക്കാന്‍ വേണ്ടി മാത്രമാണ്
എന്നാൽ ഇതിപ്പോള്‍ എന്തൊക്കെയോ സ്വാര്‍ത്ഥ താല്പര്യങ്ങള് നിറഞ്ഞ കുറേ അജണ്ടകള്‍ തന്ത്രപരമായി തട്ടികൂട്ടി നടത്തിയെടുക്കാനുള്ള ചിലരുടെ വ്യാമോഹമാണെന്ന് വ്യക്തമാക്കുന്ന രീതിയിലാണുള്ളത്. യാതൊരു കാരണവശാലും ഇത്തരം നീക്കം അനുവദിക്കാനാവില്ല എന്നത് തന്നെയാണ് ഭൂരിഭാഗം രക്ഷിതാക്കളുടേയും നിലപാടെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കേണ്ടതുണ്ട്.
ഇന്ത്യൻ സ്കൂളിൻ്റെ കഴിഞ്ഞ പത്തുവർഷത്തെ സാമ്പത്തിക സ്ഥിതി വിലയിരുത്തി നോക്കിയാൽ തന്നെ എന്തുകൊണ്ടാണ് ഇവർ എപ്പോഴും ഇത്തരം കുറുക്കുവഴികൾ തേടുന്നത് എന്ന് വ്യക്തമാകും
ഇവര്‍ ഭരണം നടത്തിയ പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് പത്ത് വര്‍ഷം എടുത്തു നോക്കിയാല്‍ തന്നെ കാര്യങ്ങള്‍ മനസ്സിലാകും. രക്ഷിതാക്കളിൽ നിന്ന് ഓരോ കുട്ടിക്കും ഫീസിനത്തില്‍ ഇത് വരെ അധികമാക്കിയ പ്രതിമാസത്തെ 11 ദിനാർ വീതം ട്യൂഷൻ ഫീസ് വര്‍ദ്ധന മാത്രം അധിക വരുമാനമായി ലഭിച്ചത് ഏകദേശം
12000 കുട്ടികൾക്ക് 11ദിനാര്‍ വെച്ച് 100 മാസം കോടിയിലധികം ദിനാര്‍ വരും
ഇത്രയധികം അധിക വരുമാനം ഉണ്ടായിട്ടും, ഇന്‍ഫ്രാ സ്ട്രെച്ചറെന്ന പേരില്‍ റിഫ സ്കൂളിന്റെ ലോണ്‍ അടവ് തീര്‍ന്നിട്ടും മാസം തോറും പിരിച്ചെടുക്കുന്ന 50,000 ദിനാര്‍ വീതം കിട്ടുന്നതിന് പുറമേ ഓരോ വര്‍ഷവും ഫെയര്‍ നടത്തി സമാഹരിക്കുന്ന ലക്ഷ കണക്കിന് ദിനാറുകളും ചേര്‍ത്ത് ഫീസിന് പുറമേ ഇത്രയേറെ അധിക വരുമാനമുണ്ടായിട്ടും ഇത് വരെ സ്കൂളിന്റെ പുരോഗമനപരമായ പ്രവര്‍ത്തനങ്ങളില്‍ പ്രഖ്യാപനങ്ങളല്ലാതെ ഒരു പുതിയ ടോയ്ലെറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പോലും ഭരണസമിതിക്ക് നടത്താന്‍ പറ്റിയിട്ടില്ല എന്നത് തന്നെയാണ് ഈ കമ്മിറ്റിയുടെ കഴിവ് കേടിന്റെ ഏറ്റവും വലിയ ഉദാഹരണമെന്നും യു.പി.പി കുറ്റപ്പെടുത്തീ.
ഇന്ത്യന്‍ സ്കൂള്‍ ചെന്നൈ ഐ.ഐ.ടി യുമായുള്ള ഒന്‍പത് ,പത്ത്,പതിനൊന്ന്,പന്ത്രണ്ട് ക്ളാസ്സുകളിലേക്കുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ കണക്റ്റീവ് പ്രോഗ്രാമിലേക്കുള്ള കരാറില്‍ ഒപ്പുവെക്കാന്‍ യു.പി.പി മുന്‍ കൈയ്യെടുത്ത കാര്യം കൂടി യു.പി.പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പങ്കുവച്ചു.
വാർത്താസമ്മേളനത്തിൽ യുപിപി ചെയർമാൻ ഡോക്ടര്‍ സുരേഷ് സുബ്രമണ്യം, എഫ്.എം.ഫൈസല്‍, ചന്ദ്രബോസ്, ജവാദ് പാഷ, ഷിബിന്‍ തോമസ്, ഖിലര്‍ വലിയകത്ത് എന്നിവർ പങ്കെടുത്തു.


