
മനാമ: യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് സഹായവും വഴികാട്ടിയുമാകുക എന്ന ലക്ഷ്യത്തോടെ ബഹ്റൈൻ എ.കെ.സി.സി.യുടെ സഫാരി ക്ലബ് പ്രവർത്തനമാരംഭിച്ചു. എ.കെ.സി.സി. ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
യാത്രകളിലൂടെ പുതിയ അനുഭവങ്ങൾ പങ്കുവെക്കുന്നതിനൊപ്പം മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും സൗഹൃദവും വളർത്തുകയാണ് സഫാരി ക്ലബ്ബിന്റെ ലക്ഷ്യമെന്ന് ചാൾസ് ആലുക്ക പറഞ്ഞു.
ലാഭേച്ഛയില്ലാതെ, സമാന താൽപര്യങ്ങളുള്ളവർക്കായി വർഷത്തിൽ മൂന്നോ നാലോ യാത്രകൾ കുറഞ്ഞ ചെലവിൽ നിയമാനുസൃതമായി സംഘടിപ്പിക്കാനാണ് ക്ലബ് ലക്ഷ്യമിടുന്നതെന്ന് വൈസ് പ്രസിഡന്റ് പോളി വിതത്തിൽ അറിയിച്ചു. ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി എല്ലാവർക്കും യാത്രകളിൽ പങ്കെടുക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ലബ്ബിന്റെ ആദ്യ യാത്ര ഡിസംബർ 16ന് നടക്കും. ‘തന്നന്നം താനെന്നം താളത്തിലാടി’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ ബഹ്റൈനിലെ പ്രധാന കേന്ദ്രങ്ങളെ പരിചയപ്പെടുത്തും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം യാത്രകൾ സാധ്യമാകാത്തവരെയും ഉൾപ്പെടുത്തിക്കൊണ്ടാകും പരിപാടികൾ സംഘടിപ്പിക്കുകയെന്ന് എ.കെ.സി.സി. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.
നാട്ടിലെ വൃദ്ധസദനങ്ങളിൽ കഴിയുന്ന മുതിർന്നവർക്കായി വർഷത്തിൽ ഒരു യാത്രയെങ്കിലും സംഘടിപ്പിക്കുമെന്നും സഫാരി ക്ലബ് കൺവീനർ രതീഷ് സെബാസ്റ്റ്യനും ജോയിന്റ് കൺവീനർ റോബിൻ കെ. സെബാസ്റ്റ്യനും അറിയിച്ചു.
ചടങ്ങിൽ പോൾ ഉറുവത്ത്, ജെൻസൻ ദേവസ്സി, ജസ്റ്റിൻ ജോർജ്, ബൈജു, പ്രിൻസ് ജോസ്, ജിജോ, ജയിംസ് ജോസഫ് എന്നിവർ സംസാരിച്ചു. ജോജി കുര്യൻ സ്വാഗതവും ഫിനാൻസ് സെക്രട്ടറി ജിബി അലക്സ് നന്ദിയും പറഞ്ഞു.


