മനാമ: ബഹ്റൈനിൽ വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ വൈദ്യുതി ഉപഭോഗം 19,391.6 ഗിഗാവാട്ട് അവറായി ഉയർന്നു. വ്യവസായ മേഖലയിലെ വേഗത്തിലുള്ള വളർച്ചയെത്തുടർന്ന് തുടർച്ചയായ അഞ്ചാം വർഷമാണ് വൈദ്യുതി ഉപയോഗത്തിൽ വർധന രേഖപ്പെടുത്തുന്നത്.
മുൻവർഷത്തേക്കാൾ രണ്ട് ശതമാനം വർധനയാണ് ഉപഭോഗത്തിൽ ഉണ്ടായത്. ഇത് 382.6 ഗിഗാവാട്ട് അവറിന്റെ അധിക ഉപഭോഗമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ ആകെ വൈദ്യുതി ആവശ്യകതയിൽ 18.7 ശതമാനത്തിന്റെ വർധനയും രേഖപ്പെടുത്തി.
വളർച്ചാനിരക്കിൽ മുന്നിൽ നിൽക്കുന്നത് വ്യവസായ മേഖലയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വ്യാവസായിക വൈദ്യുതി ഉപഭോഗം 65.7 ശതമാനം ഉയർന്ന് 3,603.1 ഗിഗാവാട്ട് അവറായി. അതേസമയം, രാജ്യത്തെ ആകെ വൈദ്യുതി ഉപഭോഗത്തിൽ ഏറ്റവും വലിയ പങ്ക് ഗാർഹിക മേഖലയ്ക്കാണ്. ഗാർഹിക മേഖല 48.4 ശതമാനവും വാണിജ്യ സ്ഥാപനങ്ങൾ 32.8 ശതമാനവും വ്യവസായ മേഖല 18.6 ശതമാനവും കാർഷിക മേഖല 0.3 ശതമാനവും വൈദ്യുതി ഉപയോഗിക്കുന്നു.
2008-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ബഹ്റൈനിലെ വൈദ്യുതി ഉപയോഗം ഏകദേശം ഇരട്ടിയായി. 99.9 ശതമാനത്തിന്റെ വർധനയാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഉപഭോഗം ഉയർന്നതോടെ വൈദ്യുതോത്പാദനത്തിലും ബഹ്റൈൻ പുതിയ റെക്കോർഡ് രേഖപ്പെടുത്തി. ആകെ ഉത്പാദനം 2.1 ശതമാനം വർധിച്ച് 20,298.5 ഗിഗാവാട്ട് അവറായി. അൽ ദുർ 2, അൽ ദുർ 1 പ്ലാന്റുകളാണ് ഉത്പാദനത്തിൽ മുൻപന്തിയിൽ.
വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി സിത്രയിൽ 1,400 മുതൽ 1,500 മെഗാവാട്ട് ശേഷിയുള്ള പുതിയ സ്വതന്ത്ര ഊർജ്ജ-ജല പദ്ധതി ഉൾപ്പെടെ വൻകിട വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2026 തുടക്കത്തിൽ ഉദ്ഘാടനം ചെയ്ത ജസ്രയിലെ 400 കെ.വി സബ്സ്റ്റേഷനും ഈ വികസനത്തിന്റെ ഭാഗമാണ്.
2035-ഓടെ രാജ്യത്തെ ആകെ വൈദ്യുതി ഉത്പാദനത്തിന്റെ 20 ശതമാനം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നാക്കാനാണ് ബഹ്റൈൻ ലക്ഷ്യമിടുന്നത്.

