വാഷിങ്ടൺ: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100 ശതമാനംവരെ തീരുവ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ഉപരോധ ബിൽ യുഎസ് കോൺഗ്രസ് പാസാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇന്ത്യ. രാജ്യത്തിന്റെ വ്യാപാര-സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം 140 കോടി ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യൻ നേതൃത്വത്തെയും ഉപരോധങ്ങൾ മറികടന്ന് എണ്ണ കയറ്റുമതി നടത്താൻ മോസ്കോയെ സഹായിക്കുന്ന കപ്പലുകളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നതാണ് പുതിയ നിയമനിർമാണം. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സൃഷ്ടിക്കാവുന്ന വ്യാപാര-സാമ്പത്തിക പ്രത്യാഘാതങ്ങൾ സൂക്ഷ്മമായി വിലയിരുത്തിവരികയാണെന്നും കേന്ദ്രം വ്യക്തമാക്കി.
റഷ്യയിൽനിന്ന് കടൽമാർഗം ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ ഇന്ത്യയ്ക്കുമേൽ ഉയർന്ന തീരുവയോ മറ്റ് സാമ്പത്തിക നടപടികളോ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരം ലഭിച്ചേക്കും. അതേസമയം, ഊർജ ഇറക്കുമതി വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി യുഎസ്, ബ്രസീൽ, കാനഡ, വെനസ്വേല, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നും ഇന്ത്യൻ റിഫൈനറികൾ എണ്ണ വാങ്ങുന്നുണ്ട്.
‘സാംക്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് 2026’ യുഎസ് കോൺഗ്രസിൽ പാസാക്കിയ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തുടർനടപടികൾ നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം സംബന്ധിച്ച വിഷയങ്ങൾ കഴിഞ്ഞ മാസങ്ങളിൽ വിവിധ യുഎസ് ഉദ്യോഗസ്ഥരുമായി ഉന്നതതലത്തിൽ ചർച്ച ചെയ്തതായും കേന്ദ്രം വ്യക്തമാക്കി.
ഉഭയകക്ഷിബന്ധത്തിലും അന്താരാഷ്ട്ര ഊർജവിപണിയിലും നിയമം സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങൾ ഇന്ത്യ യുഎസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വ്യാപാര-സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യവസായ-വ്യാപാര സംഘടനകളുമായി കൂടിയാലോചിച്ച് തുടർനീക്കങ്ങൾ തീരുമാനിക്കുമെന്നും സർക്കാർ അറിയിച്ചു.
കഴിഞ്ഞ മാസം യുഎസ് സെനറ്റ് അംഗീകരിച്ച ഉപരോധ ബില്ലിന് ബുധനാഴ്ച ജനപ്രതിനിധിസഭയും അംഗീകാരം നൽകി. ഇനി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പിനായി ബിൽ അയക്കും. യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിന് സഹായകരമാകുന്ന സാമ്പത്തിക സ്രോതസ്സുകൾ നിയന്ത്രിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. റഷ്യൻ ഉദ്യോഗസ്ഥർ, ബാങ്കുകൾ, ഊർജസ്ഥാപനങ്ങൾ, മോസ്കോയുടെ സൈനികനീക്കങ്ങളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെയും നടപടികൾക്ക് ബിൽ വ്യവസ്ഥ ചെയ്യുന്നു.

