‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് 2026’-ൽ നാല് പേർ; 17-ാം വയസ്സിൽ ലോക ചാമ്പ്യൻഷിപ്പ് അമ്പയറായി ധനശ്യാം
മനാമ: പ്രതിഭയുടെ വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച് ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിലെ നാല് വിദ്യാർഥികൾ ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് 2026’-ൽ ഇടം നേടി. സീനിയർ, ജൂനിയർ കാമ്പസുകളിലെ വിദ്യാർഥികളാണ് നേട്ടം സ്വന്തമാക്കിയത്.
പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ധനശ്യാം ശ്യാം 17-ാം വയസ്സിൽ ബി.ഡബ്ല്യു.എഫ്. വേൾഡ് ചാമ്പ്യൻഷിപ്പിൽ അമ്പയറായി സേവനമനുഷ്ഠിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്. ഫെബ്രുവരി 8 മുതൽ 14 വരെ ബഹ്റൈനിൽ നടന്ന ബി.ഡബ്ല്യു.എഫ്. പാരാ ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പിലാണ് ധനശ്യാം അമ്പയറായി പ്രവർത്തിച്ചത്. ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷന്റെ ക്ഷണപ്രകാരമായിരുന്നു നിയമനം.
ജൂനിയർ കാമ്പസിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ഇനാം മാലിക് ഐക്യരാഷ്ട്രസഭ അംഗീകരിച്ച 195 രാജ്യങ്ങളെ ദേശീയ പതാകകൾ നോക്കി തിരിച്ചറിയുകയും ലോകഭൂപടത്തിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തതിനാണ് ‘ഐ.ബി.ആർ. അച്ചീവർ’ അംഗീകാരം നേടിയത്.
യുകെജി വിദ്യാർഥി മുഹമ്മദ് എൻ 1 മിനിറ്റ് 31 സെക്കൻഡ് 62 മില്ലിസെക്കൻഡിനുള്ളിൽ 60 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിഞ്ഞ് പേരുകൾ പറഞ്ഞാണ് ‘ഐ.ബി.ആർ. അച്ചീവർ’ അംഗീകാരം നേടിയത്.
മൂന്നാം ക്ലാസ് വിദ്യാർഥിനി ഫെല്ല മെബാക് എ നൽകിയ വാക്കുകൾ ഉപയോഗിച്ച് മൂന്നോ നാലോ വരികളുള്ള 25 ഇംഗ്ലീഷ് കവിതകൾ തൽക്ഷണം രചിച്ച് ആലപിച്ചതിനാണ് ‘ഗ്രാൻഡ് മാസ്റ്റർ’ പദവി നേടിയത്.
വിദ്യാർഥികളുടെ നേട്ടത്തിൽ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ട്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവർ അഭിനന്ദനം അറിയിച്ചു.

