തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളായ വിജയും അജിത് കുമാറും അപൂർവമായൊരു വേദിയിൽ ഒന്നിക്കുന്നു. അജിത് പങ്കെടുക്കുന്ന ലെ മാൻസ് കപ്പ് റേസിന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഔദ്യോഗികമായി പച്ചക്കൊടി വീശി.
ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിലാണ് വിജയ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്. 44 കാറുകൾ അണിനിരക്കുന്ന സിൽവർസ്റ്റോൺ റൗണ്ടിന് തുടക്കം കുറിക്കാനുള്ള ഔദ്യോഗിക ക്ഷണം വിജയ്ക്ക് ലഭിച്ചിരുന്നു. ഇന്ത്യൻ ഡ്രൈവർമാർക്ക് പിന്തുണ നൽകുന്നതിനായാണ് നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് എത്തുന്നതെന്നും സംഘാടകർ വ്യക്തമാക്കി.
തമിഴ് സിനിമയിൽ മൂന്നുപതിറ്റാണ്ടിലേറെയായി വിജയ്–അജിത് ആരാധകർ തമ്മിൽ ശക്തമായ മത്സരം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം. അജിത് പങ്കെടുക്കുന്ന റേസിന് വിജയ് പച്ചക്കൊടി വീശുമെന്ന വാർത്ത ഇരുതാരങ്ങളുടെയും ആരാധകരെ അമ്പരപ്പിക്കുകയും ആവേശത്തിലാക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ വർഷങ്ങളായി തുടരുന്ന ആരാധക തർക്കങ്ങൾ അവസാനിപ്പിക്കാനുള്ള അവസരമായി ഈ കൂടിച്ചേരലിനെ കാണണമെന്നാണ് നിരവധി ആരാധകരുടെ പ്രതികരണം.
വിജയും അജിത്തും തമ്മിൽ യാതൊരു വ്യക്തിപരമായ പ്രശ്നവുമില്ലെന്ന് അജിത്തിന്റെ ഭാര്യ ശാലിനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരും പരസ്പരം വിജയത്തിൽ സന്തോഷിക്കുന്നവരാണെന്നും മികച്ച ബന്ധമാണ് പുലർത്തുന്നതെന്നും ശാലിനി പറഞ്ഞിരുന്നു. വിജയിന് നല്ലത് മാത്രമാണ് താൻ ആഗ്രഹിക്കുന്നതെന്ന് അജിത്തും മുൻ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

