ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമായി. ബ്രിക്സ് ഒരു രാജ്യത്തിനോ കൂട്ടായ്മയ്ക്കോ എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് സംഘടന ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഉച്ചകോടിയെ ചരിത്രപരമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
അന്താരാഷ്ട്ര സ്ഥാപനങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കുന്നതിനുള്ള പത്ത് നിർദേശങ്ങൾ മോദി ഉച്ചകോടിയിൽ അവതരിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ സമയബന്ധിതമായി പുനഃസംഘടിപ്പിക്കണമെന്നും അധികാരം ഏതാനും രാജ്യങ്ങളിൽ മാത്രം കേന്ദ്രീകരിക്കുന്ന നിലവിലെ സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രിക്സിന്റെ ശക്തി വർധിപ്പിക്കുന്നതിനൊപ്പം ആഗോള സ്ഥാപനങ്ങളിലും പരിഷ്കാരങ്ങൾ കൊണ്ടുവരണം. സമുദ്രമേഖലയുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അംഗരാജ്യങ്ങൾ സംയുക്ത സംവിധാനം രൂപീകരിക്കണമെന്നും മോദി നിർദേശിച്ചു.
അടുത്ത 20 വർഷത്തേക്കുള്ള വ്യക്തമായ അജണ്ട ബ്രിക്സ് തയ്യാറാക്കണം. സംഘടനയിലെ ഐക്യം ആഗോള വേദികളിൽ പ്രകടമാക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ആഗോള അധികാരഘടന പിരമിഡിന് സമാനമാണ്. വളർന്നുവരുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക ചട്ടങ്ങൾ രൂപീകരിക്കുന്നതിൽ നിർണായക പങ്കാളിത്തം ലഭിക്കുന്നവിധം ഈ ഘടന പുനഃക്രമീകരിക്കണമെന്ന് മോദി ആവശ്യപ്പെട്ടു.
ആഗോള ദക്ഷിണ രാജ്യങ്ങൾ മറ്റുള്ളവർ നിർമിക്കുന്ന നിയമങ്ങൾ അനുസരിക്കുന്നവരായി മാത്രം തുടരരുത്. അന്താരാഷ്ട്ര നിയമങ്ങളും നയങ്ങളും രൂപീകരിക്കുന്നതിൽ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

