കൊച്ചി: എറണാകുളം വൈറ്റിലയിലെ അപകടാവസ്ഥയിലുള്ള ചന്ദർ കുഞ്ജ് ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകി. പൊളിക്കൽ ടെൻഡറിനെതിരെ രണ്ട് കമ്പനികൾ സമർപ്പിച്ച ഹർജി കോടതി തള്ളി.
ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടതിനെ തുടർന്ന് ജില്ലാ ഭരണകൂടം ടെൻഡർ ക്ഷണിച്ചിരുന്നു. മരടിലെ ഫ്ലാറ്റുകൾ പൊളിച്ച എഡിഫൈസ് എൻജിനീയറിങ് കമ്പനിക്കാണ് കലക്ടർ ഉൾപ്പെട്ട സമിതി കരാർ നൽകിയത്.
ടെൻഡർ നടപടികൾ അട്ടിമറിച്ചാണ് എഡിഫൈസിന് കരാർ നൽകിയതെന്ന് ആരോപിച്ചാണ് രണ്ട് കമ്പനികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിശദമായ വാദം കേട്ട കോടതി ഹർജികൾ തള്ളുകയായിരുന്നു.
പൊതുതാൽപ്പര്യവും സുരക്ഷയും മുൻനിർത്തിയാണ് എഡിഫൈസിനെ തിരഞ്ഞെടുത്തതെന്ന് ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു. സമാനമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ മുൻപരിചയവും ആവശ്യമായ ആധുനിക സാങ്കേതിക സംവിധാനങ്ങളും കമ്പനിക്കുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഈ വിശദീകരണം പരിഗണിച്ചാണ് ഇരട്ട ഫ്ലാറ്റ് സമുച്ചയം പൊളിക്കുന്നതിനുള്ള തുടർനടപടികളുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയത്.

