തിരുവനന്തപുരം: വിടുതലൈ ചിരുതൈകൾ കക്ഷി ഏർപ്പെടുത്തിയ പ്രഥമ മഹാത്മാ അയ്യങ്കാളി പുരസ്കാരം മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റുവാങ്ങി. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ചടങ്ങിൽ തമിഴ്നാട്ടിൽനിന്നുള്ള എം.പിയും വി.സി.കെ അധ്യക്ഷനുമായ തോൽ. തിരുമാവളവനാണ് പുരസ്കാരം സമ്മാനിച്ചത്.

മഹാത്മാ അയ്യങ്കാളിയുടെ പേരിൽ സർവകലാശാല സ്ഥാപിക്കുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്ന് പുരസ്കാരം ഏറ്റുവാങ്ങിയശേഷം മുഖ്യമന്ത്രി പറഞ്ഞു. അയ്യങ്കാളിയുടെ സ്മരണയ്ക്കായി ഉചിതമായ സ്മാരകം നിർമിക്കുന്നതും പരിഗണിക്കും.

എല്ലാ മലയാളികളുടെയും മനസ്സിൽ അയ്യങ്കാളിയുടെ ഓർമ എക്കാലവും നിലനിൽക്കുന്നുവെന്ന് സർക്കാർ ഉറപ്പാക്കും. സാമൂഹിക പരിവർത്തനത്തിന് നേതൃത്വം നൽകിയ അയ്യങ്കാളിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചടങ്ങിൽ ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള പുരസ്കാരം മുൻ മന്ത്രി സി. ദിവാകരന് സമ്മാനിച്ചു. നൂറുദിവസത്തെ ഭരണത്തിലൂടെ കേരളത്തിന്റെ താൽപര്യം മുഖ്യമന്ത്രിയുടെ കൈകളിൽ ഭദ്രമാണെന്ന് വി.ഡി. സതീശൻ തെളിയിച്ചതായി സി. ദിവാകരൻ പറഞ്ഞു.


