തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം. ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.
ജൂലൈ 23-നാണ് പി.എസ്. പ്രശാന്തിനെയും മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ആരോഗ്യപ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ അജികുമാറിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
2019-ലെ സ്വർണക്കൊള്ള മറച്ചുവയ്ക്കുന്നതിനായി, 2025-ൽ പി.എസ്. പ്രശാന്ത് പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൈമാറിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഹൈക്കോടതിയെ അറിയിക്കാതെയും മുൻകൂർ അനുമതി തേടാതെയുമാണ് സ്വർണം പൂശുന്നതിനായി പാളികൾ വീണ്ടും നൽകിയതെന്നും അന്വേഷണ സംഘം ആരോപിക്കുന്നു.
കോടതിയുടെ മുൻകൂർ അനുമതി തേടാതിരുന്നത് സാങ്കേതിക പിഴവ് മാത്രമാണെന്നായിരുന്നു പി.എസ്. പ്രശാന്തിന്റെ വിശദീകരണം. എന്നാൽ ഈ വാദം തള്ളിയ അന്വേഷണ സംഘം ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

