
മനാമ: ലോകത്തെ മികച്ച 20 സൈബർ സുരക്ഷാ വനിതകളുടെ പട്ടികയിൽ ഇടംനേടി മുൻ ബഹ്റൈൻ പ്രവാസിയും ഇന്ത്യൻ സ്കൂൾ പൂർവവിദ്യാർഥിനിയുമായ മീര താംബോളി. ‘സൈബർ സെക്യൂരിറ്റി വുമൺ ഓഫ് ദി വേൾഡ് അവാർഡ്സ് 2026’ലാണ് 26കാരിയായ മീര ആഗോള അംഗീകാരം സ്വന്തമാക്കിയത്.

ഓസ്ട്രിയയിലെ ഫെൽഡ്കിർച്ചിലുള്ള ഷാറ്റൻബർഗ് കൊട്ടാരത്തിൽ നടന്ന പുരസ്കാരച്ചടങ്ങിലാണ് ലണ്ടനിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ മീരയെ ലോകത്തെ മികച്ച സൈബർ സുരക്ഷാ വനിതകളിലൊരാളായി ആദരിച്ചത്. വിവിധ രാജ്യങ്ങളിൽനിന്നായി ലഭിച്ച ആയിരക്കണക്കിന് നാമനിർദേശങ്ങളിൽനിന്നാണ് മീര ആദ്യ 20 പേരുടെ പട്ടികയിൽ ഇടംനേടിയത്.

സൈബർ സുരക്ഷാ മേഖലയിൽ നടത്തിയ പ്രവർത്തനങ്ങൾക്കുപുറമേ, അറിവുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിനും പുതിയ പ്രൊഫഷണലുകൾക്ക് മാർഗനിർദേശം നൽകുന്നതിനും മീര നടത്തുന്ന ശ്രമങ്ങളും പുരസ്കാരനിർണയത്തിൽ നിർണായകമായി. മീരയുടെ യൂട്യൂബ് ചാനലിന് 50,000 വരിക്കാരുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരത്തിലധികം യുവാക്കൾക്ക് അവർ മാർഗനിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ ബിൽബോർഡിലും മീരയുടെ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
2002-ൽ കുടുംബത്തോടൊപ്പം ബഹ്റൈനിലെത്തിയ മീര 17 വർഷം രാജ്യത്ത് താമസിച്ചു. പ്രാഥമിക–സെക്കൻഡറി വിദ്യാഭ്യാസം ഇന്ത്യൻ സ്കൂൾ ബഹ്റൈനിൽ പൂർത്തിയാക്കി. 2018-ൽ ബഹ്റൈൻ വിട്ട അവർ വിശ്വകർമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം നേടി. തുടർന്ന് ബ്രിട്ടനിലെ വാർവിക് സർവകലാശാലയിൽനിന്ന് സൈബർ സുരക്ഷയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. നിലവിൽ ലണ്ടനിൽ മുഴുവൻസമയ ജോലിയിൽ തുടരുകയാണ്.

മീരയുടെ പിതാവ് ഉൽഹാസ്, മാതാവ് ശുഭാംഗി, സഹോദരൻ ഇഷാൻ എന്നിവർ ഇപ്പോഴും ബഹ്റൈനിലാണ് താമസം. കുടുംബത്തെ സന്ദർശിക്കുന്നതിനായി എല്ലാ വർഷവും ബഹ്റൈനിലെത്താറുണ്ടെന്ന് മീര പറഞ്ഞു.
വ്യത്യസ്ത സംസ്കാരങ്ങളും പാരമ്പര്യങ്ങളും കാഴ്ചപ്പാടുകളും അടുത്തറിയാൻ ബഹ്റൈനിലെ ജീവിതം സഹായിച്ചതായി മീര വ്യക്തമാക്കി. സ്വന്തം രാജ്യങ്ങളിൽനിന്ന് അകന്നു കഴിയുന്നവർ അടുത്ത ബന്ധങ്ങളും സൗഹൃദങ്ങളും സ്ഥാപിച്ച് ബഹ്റൈനെ സ്വന്തം നാടായി കാണുന്ന അന്തരീക്ഷത്തിലാണ് താൻ വളർന്നത്. വ്യത്യസ്ത സംസ്കാരങ്ങളെയും അഭിപ്രായങ്ങളെയും ബഹുമാനിക്കാൻ ഈ അനുഭവം സഹായിച്ചതായും അവർ പറഞ്ഞു.
പുരുഷാധിപത്യം നിലനിൽക്കുന്ന മേഖലയാണ് ഇപ്പോഴും സൈബർ സുരക്ഷയെന്ന് മീര ചൂണ്ടിക്കാട്ടി. ഈ രംഗത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ വിജയിക്കാനാവില്ലെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളിൽ ഇപ്പോൾ മാറ്റം പ്രകടമാണെന്നും അതിന്റെ ഭാഗമാകാനാണ് തന്റെ ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു.

തനിക്ക് ലഭിക്കാതെപോയ മികച്ച മാർഗദർശകയായി മറ്റുള്ളവർക്ക് മാറണമെന്നാണ് ആഗ്രഹം. യുവതികൾക്കും വിദ്യാർഥികൾക്കും സ്വപ്നങ്ങൾ പിന്തുടരാനും പുതിയ മേഖലകളിലേക്ക് കടക്കാനും പ്രചോദനം നൽകുകയാണ് ലക്ഷ്യമെന്നും മീര പറഞ്ഞു.

അമേരിക്ക, അൽബേനിയ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രമുഖർക്കൊപ്പമാണ് മീര ഇത്തവണ ലോകത്തെ മികച്ച സൈബർ സുരക്ഷാ വനിതകളുടെ പട്ടികയിൽ ഇടംപിടിച്ചത്.


