ന്യൂയോർക്ക്: ഇന്ത്യയിൽ മുസ്ലിംകൾ ഉണ്ടാകാൻ പാടില്ലെന്ന് ഏതെങ്കിലും ഹിന്ദു ചിന്തിക്കുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്റെ യഥാർഥ സത്ത പിന്തുടരുന്നില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ന്യൂയോർക്കിൽ സംഘടിപ്പിച്ച ‘വൺ വേൾഡ്: വൺ ഹ്യുമാനിറ്റി’ മതനേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മതങ്ങൾ ഇന്ന് പ്രധാനമായും ആചാരങ്ങളുടെ അടിസ്ഥാനത്തിലാണ് നിർവചിക്കപ്പെടുന്നതെന്ന് ഭാഗവത് പറഞ്ഞു. മതപരമായ അച്ചടക്കം പാലിക്കാനും ദിവ്യത്വത്തിന്റെ പാത പിന്തുടരാനും ആചാരങ്ങൾ ആവശ്യമാണ്. എന്നാൽ മനുഷ്യനെ സത്യത്തിലേക്ക് നയിക്കുകയെന്നതാണ് മതത്തിന്റെ യഥാർഥ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മതങ്ങൾ വ്യത്യസ്തമാണെങ്കിലും മാനവികത ഒന്നാണ്. സത്യം ഒന്നാണെന്നും മാനവികത അതിന്റെ ഉൽപ്പന്നമാണെന്നും വിശ്വസിക്കുന്ന സമൂഹത്തിലാണ് താൻ പ്രവർത്തിക്കുന്നതെന്ന് ഭാഗവത് പറഞ്ഞു. വിദേശ അധിനിവേശങ്ങളെ അതിജീവിച്ച ഭാരതീയ പാരമ്പര്യം ‘ഏക ലോകം, ഏക മാനവികത’ എന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2018-ൽ ആർഎസ്എസിന്റെ ‘ഹിന്ദുരാഷ്ട്രം’ എന്ന ലക്ഷ്യത്തെക്കുറിച്ച് മുസ്ലിംകൾ തന്നോട് ചോദിച്ച കാര്യവും ഭാഗവത് പ്രസംഗത്തിൽ പരാമർശിച്ചു. ഇന്ത്യയിൽ മുസ്ലിംകൾ ഉണ്ടാകരുതെന്ന് ഏതെങ്കിലും ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്റെ യഥാർഥ സത്തയോട് നീതി പുലർത്തുന്നില്ലെന്നായിരുന്നു തന്റെ മറുപടിയെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദു ജീവിതരീതി പിന്തുടരാൻ നിരവധി മാർഗങ്ങളുണ്ടെങ്കിലും അവയെല്ലാം ഒരേ പരമസത്യത്തിലേക്കാണ് നയിക്കുന്നത്. മനുഷ്യർക്കിടയിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളില്ലെന്നും എല്ലാവർക്കും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ മുസ്ലിം, ക്രിസ്ത്യൻ സമൂഹങ്ങളുമായി ആർഎസ്എസ് സംവാദം ആരംഭിച്ചിട്ടുണ്ടെന്നും ഭാഗവത് പറഞ്ഞു. സംവാദവും സേവനവും ഒരേസമയം മുന്നോട്ടുകൊണ്ടുപോകേണ്ടതാണ്. സേവനപ്രവർത്തനങ്ങളിൽ സംഘടന വിവേചനം കാണിക്കാറില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
തെറ്റായ പ്രചാരണങ്ങൾ കാരണം ആർഎസ്എസിനെക്കുറിച്ച് ഒരു പൊതുധാരണ രൂപപ്പെട്ടിട്ടുണ്ട്. എന്നാൽ ആളുകൾ സംഘടനയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കുമ്പോൾ ഇത്തരം തെറ്റിദ്ധാരണകൾ വേഗത്തിൽ ഇല്ലാതാകുമെന്നും ഭാഗവത് പറഞ്ഞു.
ആധുനിക രാഷ്ട്രീയം പ്രധാനമായും പൊതുജനാഭിപ്രായത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും ജനാധിപത്യ സംവിധാനത്തിൽ രാഷ്ട്രീയക്കാർക്ക് അതിനെ എളുപ്പത്തിൽ അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതുൾപ്പെടെയുള്ള മാറ്റങ്ങൾ സൃഷ്ടിക്കാൻ ഒരു ഘട്ടത്തിൽ രാഷ്ട്രീയത്തെ സ്വാധീനിക്കേണ്ടിവരുമെന്നും വ്യക്തമാക്കി.
അതേസമയം, രാഷ്ട്രീയം സ്വാർഥതയുടെ കളിയായി മാറിയിരിക്കുകയാണെന്നും ഭാഗവത് വിമർശിച്ചു. ‘ഞാനും എന്റേതും’ എന്ന ചിന്തയിൽ പരിഹാരമില്ലെന്നും ‘നമ്മളും നമ്മുടേതും’ എന്ന സമീപനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ മാറ്റം രാഷ്ട്രീയത്തിൽനിന്നല്ല, സമൂഹത്തിൽനിന്നാണ് ആരംഭിക്കേണ്ടതെന്നും അതിനുള്ള ശ്രമങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.

