
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ലേഡീസ് വിങ് സംഘടിപ്പിക്കുന്ന ‘ലയം പൊന്നോണം 2026’ന്റെ ഭാഗമായി അൽ ഹിലോ ട്രേഡിങ്ങുമായി സഹകരിച്ച് വർണാഭമായ അത്തപ്പൂക്കള മത്സരം നടത്തി. സൊസൈറ്റി അങ്കണത്തിൽ നടന്ന മത്സരത്തിൽ വിപിൻ വിജയൻ നേതൃത്വം നൽകിയ ടീം ഒന്നാം സ്ഥാനവും വിജിത്ത് രാജിന്റെ ടീം രണ്ടാം സ്ഥാനവും പ്രസന്നകുമാറിന്റെ ടീം മൂന്നാം സ്ഥാനവും നേടി.

വിജയികൾക്ക് അൽ ഹിലോ ട്രേഡിങ് കമ്പനി ഏർപ്പെടുത്തിയ ക്യാഷ് പ്രൈസുകൾ കമ്പനി മാനേജിങ് ഡയറക്ടർ എ.കെ. ബാബു സമ്മാനിച്ചു. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സതീഷ് കുമാർ, കൾച്ചറൽ സെക്രട്ടറി വിദ്യ രാജേഷ് എന്നിവർ ആശംസകൾ നേർന്നു. ലേഡീസ് വിങ് സെക്രട്ടറി സിന്ധു റോയി സ്വാഗതവും ട്രഷറർ ആശ കുമാർ നന്ദിയും രേഖപ്പെടുത്തി.

അത്തപ്പൂക്കള മത്സരത്തിന്റെ ജനറൽ കൺവീനർ അൻഷി ഷിജു അവതാരകയായി പരിപാടികൾ നിയന്ത്രിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ കുട്ടികളുടെയും മുതിർന്നവരുടെയും തിരുവാതിര അരങ്ങേറും. സെപ്റ്റംബർ നാലിന് വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


