തിരുവനന്തപുരം: ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്റെ മുഖ്യസൂത്രധാരനെന്ന് പൊലീസ് പറയുന്ന ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസ്’ പിടിയിൽ. ഉത്തർപ്രദേശിൽനിന്നാണ് തൃശൂർ സിറ്റി ഡാൻസാഫ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
ബെംഗളൂരുവിൽനിന്ന് കേരളത്തിലെ വിവിധ മയക്കുമരുന്ന് സംഘങ്ങൾക്ക് എംഡിഎംഎ എത്തിച്ചുനൽകിയിരുന്നത് റിയാസാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തൃശൂരിൽ ആംബുലൻസിൽനിന്ന് 250 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ അന്വേഷണമാണ് പൊലീസിനെ ഇയാളിലേക്കെത്തിച്ചത്.
സൈറൺ മുഴക്കി എത്തിയ ആംബുലൻസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. കേസിൽ അന്വേഷണം നടക്കുന്നതറിഞ്ഞതോടെ റിയാസ് കഴിഞ്ഞ രണ്ടുമാസമായി ഒളിവിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഉത്തർപ്രദേശിൽനിന്ന് പിടികൂടിയ റിയാസിനെ തൃശൂരിലെത്തിച്ചു. മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റ് അംഗങ്ങളെയും വിതരണശൃംഖലയെയും കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം തുടരുകയാണ്.

