കൊച്ചി: നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വനിതാ എംഎൽഎയെ കൈയേറ്റം ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് നേതാക്കളായ ശിവദാസൻ നായർ, ഡൊമിനിക് പ്രസന്റേഷൻ, എം.എ. വാഹിദ്, എ.ടി. ജോർജ് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.

മുൻ നാട്ടിക എംഎൽഎ ഗീതാ ഗോപിയുടെ പരാതിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾക്കെതിരെ ചുമത്തിയ സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. ഈ കേസ് റദ്ദാക്കിയതോടെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് ഇനി ഒരു കേസ് മാത്രമാണ് നിലനിൽക്കുന്നത്. കേസിൽ പ്രതികളായ ഇടത് എംഎൽഎമാർ വിചാരണ നേരിടേണ്ടിവരും. നിലവിലുള്ള കേസ് അടുത്ത മാസം 16ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.

