മനാമ: മൂല്യവർധിത നികുതി, എക്സൈസ് തീരുവ, ബഹുരാഷ്ട്ര കമ്പനികൾക്കുള്ള നികുതി എന്നിവയിലെ വെട്ടിപ്പുകളും നിയമലംഘനങ്ങളും തടയുന്നതിനായി നാഷണൽ ബ്യൂറോ ഫോർ റെവന്യൂവിലെ 65 ഉദ്യോഗസ്ഥർക്ക് ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് അധികാരം നൽകി. രാജ്യത്തിന്റെ നികുതി വരുമാനം സംരക്ഷിക്കുന്നതിനും പരിശോധനകൾ കൂടുതൽ കർശനമാക്കുന്നതിനുമാണ് നടപടി.
നീതിന്യായ, ഇസ്ലാമികകാര്യ, ഔഖാഫ് മന്ത്രി നവാഫ് അൽ മആവദ പുറപ്പെടുവിച്ച ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരവ് പ്രകാരം 39 എൻബിആർ ഉദ്യോഗസ്ഥർക്ക് വാറ്റ്, എക്സൈസ് നികുതി ലംഘനങ്ങൾ അന്വേഷിക്കാൻ അധികാരം നൽകി. ബഹുരാഷ്ട്ര കമ്പനികളുടെ നികുതിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പരിശോധിക്കുന്നതിന് 26 ഉദ്യോഗസ്ഥർക്കും പ്രത്യേക ജുഡീഷ്യൽ അധികാരം നൽകിയിട്ടുണ്ട്.
2025ൽ ബഹ്റൈനിലെ പ്രാദേശിക വിപണികളിൽ എൻബിആർ 1,216 പരിശോധനകൾ നടത്തിയിരുന്നു. നിർമാണം, ഉൽപ്പാദനം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ട്രാവൽ ഏജൻസികൾ, വർക്ക്ഷോപ്പുകൾ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും പരിശോധന നടന്നത്. വിപണിയിൽ 86.5 ശതമാനം നിയമപാലനം ഉറപ്പാക്കാൻ സാധിച്ചതായി എൻബിആർ അറിയിച്ചു.
പരിശോധനകളിൽ വാറ്റ് നിയമലംഘനവുമായി ബന്ധപ്പെട്ട് 145 കേസുകളും എക്സൈസ് നികുതിയുമായി ബന്ധപ്പെട്ട് 19 കേസുകളും കണ്ടെത്തി പിഴ ചുമത്തി. വാറ്റ് ഇൻവോയ്സുകൾ കൃത്യമായി നൽകാതിരിക്കുക, വാറ്റ് ഉൾപ്പെടെയുള്ള വില പ്രദർശിപ്പിക്കാതിരിക്കുക, ഡിജിറ്റൽ സ്റ്റാമ്പില്ലാത്ത എക്സൈസ് ഉൽപ്പന്നങ്ങൾ വിൽക്കുക തുടങ്ങിയവയായിരുന്നു പ്രധാന നിയമലംഘനങ്ങൾ.
എൻഎച്ച്ആർഎ അക്കൗണ്ടബിലിറ്റി കമ്മിറ്റി പുനഃസംഘടിപ്പിച്ചു
ആരോഗ്യമേഖലയിലെ ലൈസൻസിങ്ങും സേവനങ്ങളും നിരീക്ഷിക്കുന്ന നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അക്കൗണ്ടബിലിറ്റി കമ്മിറ്റി പുനഃസംഘടിപ്പിച്ചതായി ആരോഗ്യമന്ത്രി ഡോ. ജലീല അൽ സയ്യിദ് അറിയിച്ചു. മൂന്ന് വർഷത്തെ കാലാവധിയോടെയാണ് പുതിയ സമിതി രൂപീകരിച്ചത്.
ഹൈ സിവിൽ അപ്പീൽ കോടതിയിലെ രണ്ട് ജഡ്ജിമാർ, എൻഎച്ച്ആർഎ ഹെൽത്ത് പ്രൊഫഷൻസ് റെഗുലേഷൻ വിഭാഗം മേധാവി, ബഹ്റൈൻ മെഡിക്കൽ സൊസൈറ്റി പ്രതിനിധികൾ എന്നിവരാണ് സമിതിയിലുള്ളത്. ആരോഗ്യസേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ഉത്തരവാദിത്ത വിഷയങ്ങളും സമിതി പരിശോധിക്കും.
തൊഴിലില്ലായ്മ ഇൻഷുറൻസ് സംയുക്ത സമിതിക്കും പുനഃസംഘടന
ബഹ്റൈനിലെ തൊഴിലില്ലായ്മ ഇൻഷുറൻസ് നിയമത്തിന്റെ നടത്തിപ്പ് നിരീക്ഷിക്കുന്ന സംയുക്ത സമിതിയും പുനഃസംഘടിപ്പിച്ചു. തൊഴിൽ, നിയമകാര്യ മന്ത്രി യൂസിഫ് ഖലഫാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
തൊഴിൽ മന്ത്രാലയത്തിലെയും സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിലെയും ഉന്നത ഉദ്യോഗസ്ഥർ സമിതിയിൽ അംഗങ്ങളായിരിക്കും. തൊഴിലില്ലായ്മ ഇൻഷുറൻസ് ആനുകൂല്യങ്ങളുടെ വിതരണവും നിരീക്ഷണവും കൂടുതൽ കാര്യക്ഷമമാക്കുകയാണ് സമിതിയുടെ ലക്ഷ്യം.

