
മനാമ: 2026ൽ മലേഷ്യയിൽ നടക്കുന്ന ഫോർമുല 1 ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രിക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടും സെപാങ് ഇന്റർനാഷണൽ സർക്യൂട്ടും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ രണ്ടുമുതൽ നാലുവരെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് ചരിത്രപ്രധാനമായ റേസ് വാരാന്ത്യം അരങ്ങേറുക. ബഹ്റൈൻ ഗ്രാൻഡ് പ്രിയുടെ ആവേശം മലേഷ്യയിലേക്ക് എത്തിക്കുന്ന പ്രത്യേക മത്സരമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മലേഷ്യൻ പൗരന്മാരല്ലാത്ത അന്താരാഷ്ട്ര ആരാധകർക്ക് Bahraingp.com വഴി ടിക്കറ്റുകൾ വാങ്ങാം. മൂന്നുദിവസത്തേക്കുള്ള ജനറൽ അഡ്മിഷൻ ടിക്കറ്റിന് ഒരാൾക്ക് 219 യുഎസ് ഡോളർ മുതലാണ് നിരക്ക്. ഗ്രാൻഡ്സ്റ്റാൻഡ് ടിക്കറ്റുകൾ 350 ഡോളറിലും മെയിൻ ഗ്രാൻഡ്സ്റ്റാൻഡ് ടിക്കറ്റുകൾ 566 ഡോളറിലും ആരംഭിക്കും. നികുതി ഉൾപ്പെടെയുള്ള നിരക്കുകളാണിത്.
മലേഷ്യൻ തിരിച്ചറിയൽ കാർഡായ മൈകാഡ് ഉള്ളവർക്ക് പ്രത്യേക നിരക്കുകൾ ലഭിക്കും. മൂന്നുദിവസത്തേക്കുള്ള ജനറൽ അഡ്മിഷൻ ടിക്കറ്റിന് 200 മലേഷ്യൻ റിങ്കിറ്റും ഗ്രാൻഡ്സ്റ്റാൻഡ് സീറ്റുകൾക്ക് 1,291.40 റിങ്കിറ്റും മുതലാണ് നിരക്ക്. മൈകാഡ് ഉടമകളുടെ യോഗ്യത ഉറപ്പാക്കുന്നതിനായി പരിശോധനാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മൂന്നുമുതൽ ആറുവയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് നിരക്കിൽ 25 ശതമാനം ഇളവ് ലഭിക്കും. മൂന്നുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പ്രത്യേക പരിഗണന ആവശ്യമായ കാണികൾക്കായി സൗകര്യപ്രദമായ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തരം സീറ്റുകൾക്കായി +973 1745 0000 എന്ന നമ്പറിൽ ബന്ധപ്പെടണം. ടിക്കറ്റുകൾക്ക് വലിയ ആവശ്യകത പ്രതീക്ഷിക്കുന്നതിനാൽ മികച്ച സീറ്റുകൾ ഉറപ്പാക്കാൻ ആരാധകർ നേരത്തെ ബുക്ക് ചെയ്യണമെന്ന് സംഘാടകർ നിർദേശിച്ചു. ഹോസ്പിറ്റാലിറ്റി പാക്കേജുകളുടെയും റേസ് വാരാന്ത്യത്തിലെ വിനോദപരിപാടികളുടെയും വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
ബഹ്റൈനിൽനിന്ന് ക്വാലാലംപൂരിലേക്കുള്ള ഗൾഫ് എയറിന്റെ നേരിട്ടുള്ള വിമാനസർവീസ് 2026 സെപ്റ്റംബർ 29ന് ആരംഭിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ഗൾഫ് എയറിന്റെ അന്താരാഷ്ട്ര ശൃംഖലയിലൂടെ എത്തുന്ന ആരാധകർക്ക് റേസ് വാരാന്ത്യത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് വിൽപ്പനയുടെ തുടക്കം ചരിത്രപരമായ റേസ് വാരാന്ത്യത്തിനായുള്ള ഒരുക്കങ്ങളിലെ പ്രധാന നാഴികക്കല്ലാണെന്ന് ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഷെയ്ഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫ പറഞ്ഞു.
2017നുശേഷം ആദ്യമായാണ് ഫോർമുല 1 സെപാങിലേക്ക് മടങ്ങിയെത്തുന്നതെന്ന് സെപാങ് ഇന്റർനാഷണൽ സർക്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അസ്ഹാൻ ഷഫ്രിമാൻ ഹനീഫ് വ്യക്തമാക്കി. മലേഷ്യയിൽനിന്നും മേഖലയിലെ മറ്റ് രാജ്യങ്ങളിൽനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള ആരാധകരെ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങളും റേസ് വാരാന്ത്യത്തിലെ ഏറ്റവും പുതിയ അറിയിപ്പുകളും Bahraingp.com, Sepangcircuit.com എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.


