
അബുദാബി: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉഭയകക്ഷി ബന്ധങ്ങളും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. ബഹ്റൈൻ രാജാവിന്റെ യുഎഇ സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.

ഇരുരാജ്യങ്ങളുടെയും വികസന മുൻഗണനകൾക്കും പൊതുതാൽപര്യങ്ങൾക്കും പിന്തുണ നൽകുന്ന വിധത്തിൽ സാമ്പത്തിക, വികസന മേഖലകളിലെ സഹകരണവും സംയുക്ത പ്രവർത്തനങ്ങളും കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച് നേതാക്കൾ അഭിപ്രായങ്ങൾ കൈമാറി.

പൊതുതാൽപര്യമുള്ള പ്രാദേശിക–അന്താരാഷ്ട്ര വിഷയങ്ങളും മധ്യപൂർവദേശത്തെ പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. മേഖലയിലെ രാജ്യങ്ങളുടെയും ജനങ്ങളുടെയും ക്ഷേമത്തിനായി സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള നിലവിലെ ശ്രമങ്ങളും ചർച്ചയായി.

എല്ലാ സാഹചര്യങ്ങളിലും ബഹ്റൈന് യുഎഇ നൽകിവരുന്ന ഉറച്ച പിന്തുണയെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അഭിനന്ദിച്ചു. വിവിധ വെല്ലുവിളികളെ നേരിടാനുള്ള ബഹ്റൈന്റെ ശ്രമങ്ങളും ശേഷിയും ശക്തിപ്പെടുത്തുന്നതിൽ ഈ പിന്തുണ നിർണായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനും യുഎഇയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധത്തിൽ ഇരുനേതാക്കളും അഭിമാനം പ്രകടിപ്പിച്ചു. മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതുൾപ്പെടെ വിവിധ മേഖലകളിലെ സംയുക്ത സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും നേതാക്കൾ ആവർത്തിച്ചു.


