ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധികളും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള ചർച്ച പൂർത്തിയായി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടന്ന കൂടിക്കാഴ്ചയിൽ സിജെപിയെ പ്രതിനിധീകരിച്ച് പാർട്ടി മുഖ്യ വക്താവ് സൗരവ് ദാസും ദേശീയ വക്താവ് അശുതോഷ് റാങ്കെയും പങ്കെടുത്തു.
ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നതാണ് പ്രധാന ആവശ്യം. ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും സമരവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

ഇതിൽ രണ്ട് ആവശ്യങ്ങളോട് കേന്ദ്രസർക്കാർ അനുകൂല സമീപനം സ്വീകരിച്ചതായി സിജെപി നേതാക്കൾ അറിയിച്ചു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട് അന്തിമ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാർ നാളെ ഉച്ചയ്ക്ക് 2.30 വരെ സമയം തേടിയിട്ടുണ്ട്. മന്ത്രി രാജിവച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സിജെപി വ്യക്തമാക്കി.
അതേസമയം, ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായി. തുടർച്ചയായ അഞ്ചാം ദിവസവും ലോക്സഭാ നടപടികൾ തടസ്സപ്പെട്ടു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സഭയിൽ ചർച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും വിദ്യാഭ്യാസമന്ത്രി ആദ്യം രാജിവയ്ക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നു.

സഭ ഉച്ചയ്ക്ക് 12 മണിയോടെ വീണ്ടും ചേർന്നപ്പോൾ, ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് പാർലമെന്റിൽ ചർച്ച നടത്തുന്നതിനായി പ്രതിപക്ഷ പാർട്ടികളെ സർക്കാർ പലതവണ സമീപിച്ചതായി പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ചർച്ച തടസ്സപ്പെടുന്നത് രാജ്യത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ച നടക്കണമെന്നാണ് പല പ്രതിപക്ഷ എംപിമാരുടെയും നിലപാടെന്നും ഇതിന്റെ ആവശ്യകത രാഹുൽ ഗാന്ധി സ്വന്തം പാർട്ടി അംഗങ്ങളെ ബോധ്യപ്പെടുത്തണമെന്നും കിരൺ റിജിജു ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിയമം കൊണ്ടുവരുമെന്നും കേസുകളിലെ പ്രതികളെ അതിവേഗ കോടതികളിൽ വിചാരണ ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം പ്രതിഷേധം തുടർന്നു. സഭാനടപടികൾ തടസ്സപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. തുടർന്ന് ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു.

