
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി കർശന പരിശോധനകൾക്ക് ശേഷം മാത്രമേ നടപ്പാക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. സ്ത്രീ സുരക്ഷാ പദ്ധതി അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. എ.സി. മൊയ്തീനാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
പദ്ധതിക്കായി നിലവിൽ 1770 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെങ്കിലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് മതിയായ മുന്നൊരുക്കങ്ങളില്ലാതെ തട്ടിക്കൂട്ടി നടപ്പാക്കിയ പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. പിണറായി സർക്കാർ 120 മാസം ഭരിച്ചിട്ട് അവസാന മാസത്തിലാണ് പദ്ധതി പ്രഖ്യാപിച്ചതെന്നും പ്രകടനപത്രികയിലെ വാഗ്ദാനം പോകുന്ന കാലത്താണോ നടപ്പാക്കുന്നതെന്നും സതീശൻ ചോദിച്ചു.
സാമൂഹ്യ ക്ഷേമ പെൻഷൻ 2500 രൂപയായി ഉയർത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവർ നാലേമുക്കാൽ വർഷം ഒരുരൂപ പോലും കൂട്ടിയില്ലെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 400 രൂപ കൂട്ടി 2000 രൂപയാക്കിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. എന്നാൽ, പുതിയ സർക്കാർ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.
ആശാ വർക്കർമാർ മാസങ്ങളോളം തെരുവിൽ സമരം ചെയ്തപ്പോൾ സഹായിക്കാതെ അവരെ പരിഹസിക്കുകയാണ് മുൻ സർക്കാർ ചെയ്തതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സ്ത്രീ പക്ഷമെന്ന് അവകാശപ്പെടുന്നവർ യഥാർത്ഥത്തിൽ സ്ത്രീ വിരുദ്ധ പക്ഷമാണെന്നും അദ്ദേഹം ആരോപിച്ചു.
സ്ത്രീ സുരക്ഷാ പെൻഷൻ തിരഞ്ഞെടുപ്പ് കാലത്ത് തട്ടിക്കൂട്ടി നടപ്പാക്കിയ പദ്ധതിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, അർഹരായവരെ കണ്ടെത്തുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ആരോപിച്ചു. ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയതെന്നും, അതൊന്നും പരിശോധിക്കാതെ ഇനി പെൻഷൻ നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയിലെ തെറ്റുകൾ പരിശോധിച്ച് ഉറപ്പാക്കിയതിന് ശേഷമേ തുടർനടപടി സ്വീകരിക്കൂ. സ്ത്രീകളെ പറ്റിക്കാനായി മാത്രം നടത്തിയ പദ്ധതിയാണിതെന്നും, ലോക്കൽ ബോഡി തിരഞ്ഞെടുപ്പിലെ എൽഡിഎഫ് പരാജയമാണ് അതിന് കാരണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.


