
മുംബൈ: മുഹറം ഘോഷയാത്രയ്ക്കിടെ വിഷവസ്തു കലർത്തിയ ഗുളികകൾ വിതരണം ചെയ്തെന്ന കേസിൽ ഒരാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഫയ്യാസ് പ്രേംജി എന്നയാളെയാണ് പൊലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് വലിയ തോതിൽ വിഷഗുളികകൾ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
ബൈക്കുള മേഖലയിൽ നടന്ന മുഹറം ഘോഷയാത്രയ്ക്കിടെയാണ് സംഭവം. വേദനസംഹാരിയാണെന്നും പ്രതിരോധശേഷി വർധിപ്പിക്കുന്ന മരുന്നാണെന്നും പറഞ്ഞ് ഇയാൾ ആളുകൾക്ക് ഗുളികകൾ വിതരണം ചെയ്തതായി പൊലീസ് പറയുന്നു. പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വനിതാ വൊളന്റിയർമാർ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഗുളിക കഴിച്ച 11 പേർക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുണ്ട്. ബാക്കിയുള്ളവർ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.
പ്രതിക്ക് മരുന്ന് നിർമിക്കാനോ വിതരണം ചെയ്യാനോ യാതൊരു ലൈസൻസും ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. ഏകദേശം 15,000 പേരെ അപായപ്പെടുത്താനാണ് ലക്ഷ്യമിട്ടതെന്ന് പ്രതി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ, തീവ്രവാദ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതിയുടെ വിദേശയാത്ര വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നു.


