
കണ്ണൂർ: തലശ്ശേരിയിൽ ദർസ് വിദ്യാർത്ഥിയായ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് ജില്ലാ നേതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. മുസ്ലിം ലീഗ് ജില്ലാ നേതാവും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന നേതാവും ജില്ലാ കോർഡിനേറ്ററുമായ അഹമ്മദ് തേർളായിക്കെതിരെയാണ് തലശ്ശേരി ടൗൺ പൊലീസ് കേസെടുത്തത്.
തലശ്ശേരി മേഖലയിലെ ഒരു ദർസിലെ അധ്യാപകനായ പ്രതി, ദർസിൽ വെച്ച് പതിനാലുകാരനെ പീഡിപ്പിച്ചെന്നാണ് പരാതി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജൂൺ 16നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കേസെടുത്ത വിവരം അറിഞ്ഞതോടെ അഹമ്മദ് തേർളായി ഒളിവിൽ പോയതായാണ് വിവരം. പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിയുടെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തുവന്നതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്. ഒളിവിൽ കഴിയുന്ന പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് സംഘം വിശദമായ റെയ്ഡ് നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. അഹമ്മദ് തേർളായിക്കെതിരെ മുൻപും സമാനമായ രീതിയിൽ പീഡന പരാതികൾ ഉയർന്നിരുന്നുവെന്നും എന്നാൽ അതെല്ലാം രാഷ്ട്രീയ-സാമൂഹിക സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീർക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.


