
മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ ഐക്യനാടുകളുടെ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു. റൂബിയോയെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തെയും ബഹ്റൈനിലേക്ക് ഹൃദയപൂർവം രാജാവ് സ്വാഗതം ചെയ്തു. ബഹ്റൈൻ സന്ദർശിക്കാനും രാജാവുമായി കൂടിക്കാഴ്ച നടത്താനും കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മാർക്കോ റൂബിയോ അറിയിച്ചു.

കൂടിക്കാഴ്ചയിൽ ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിൽ അത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളും വിലയിരുത്തി. പ്രത്യേകിച്ച് സാമ്പത്തിക, പ്രതിരോധ മേഖലകളിൽ സഹകരണം, ഏകോപനം, സംയുക്ത പ്രവർത്തനം എന്നിവ തുടർന്നും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം യോഗം ഊന്നിപ്പറഞ്ഞു.

പ്രാദേശികവും അന്താരാഷ്ട്രവുമായ പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ഇരുപക്ഷവും അഭിപ്രായങ്ങൾ പങ്കുവെച്ചു. പ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംവാദത്തിനും നയതന്ത്രത്തിനും മുൻഗണന നൽകുന്ന വിവേകപൂർണമായ സമീപനമാണ് ധാരണാപത്രം മുന്നോട്ടുവെക്കുന്നതെന്ന് യോഗം വിലയിരുത്തി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനായി ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും കൂടിക്കാഴ്ചയിൽ എടുത്തുകാട്ടി.


