
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് തടയുന്നതിനും ലഹരിമരുന്ന് ശൃംഖലകളെ പൂർണമായി തകർക്കുന്നതിനുമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.
മയക്കുമരുന്ന് മാഫിയകൾ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സാഹചര്യത്തിൽ, അവരെ ഫലപ്രദമായി നേരിടാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. കേരളം, കർണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അതിർത്തി മേഖലകൾ, പ്രധാന റോഡ് ഇടനാഴികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാർത്ഥി ശൃംഖലകൾ, നഗര വിതരണ കേന്ദ്രങ്ങൾ തുടങ്ങിയ മേഖലകൾ മയക്കുമരുന്ന് സംഘങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളവയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്റലിജൻസ് അധിഷ്ഠിത പരിശോധനകളും നിയമനടപടികളും ശക്തമാക്കിയതായും, മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക ശൃംഖലകൾ തകർക്കുന്നതിനും അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുമുള്ള നടപടികൾ തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനകം നിരവധി അന്തർസംസ്ഥാന-അന്തർദേശീയ മയക്കുമരുന്ന് കടത്ത് സംഘങ്ങളെ കേരള പൊലീസ് പിടികൂടിയിട്ടുണ്ടെന്നും, ഇത്തരം കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ തത്സമയ വിവര കൈമാറ്റം, സംയുക്ത റെയ്ഡുകൾ, ഏകോപിത ആസൂത്രണം എന്നിവ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഭാഗമായി കേരളം, കർണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ പൊലീസ്-ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് സംയുക്ത പ്രവർത്തന പദ്ധതി രൂപീകരിക്കണമെന്ന നിർദേശവും മുഖ്യമന്ത്രി മുന്നോട്ടുവച്ചു.
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ, ടാക്ടിക്കൽ കമാൻഡർ പുട്ട വിക്രമാദിത്യ എന്നിവർ അയൽ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുമായും ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്താൻ തയ്യാറാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.


