
തിരുവനന്തപുരം: ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം പദ്ധതിയുടെ ഭാഗമായി മരിയന്‍ എഡ്യൂസിറ്റി ക്യാമ്പസില്‍ നാടന്‍ അഗ്രോ ഫാമിന്റെ നേതൃത്വത്തില്‍ 6 ഏക്കറില്‍ ആരംഭിച്ച പുഷ്പകൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ച കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, വെള്ളായണി കാര്‍ഷിക കോളേജിലെയും അറ്റിങ്ങല്‍ ഗവ. വിഎച്ച് എസ്എസിലെയും വിദ്യാര്‍ത്ഥികളുമായി സംവദിച്ച് കൃഷിയുടെ പ്രാധാന്യവും വിഷരഹിത ഭക്ഷ്യോല്‍പ്പാദനത്തിന്റെ ആവശ്യകതയും പങ്കുവെച്ചു.
പുതിയ തലമുറയും കാര്‍ഷിക മേഖലയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മന്ത്രി വിദ്യാര്‍ത്ഥികളോട് പങ്കുവച്ചു. കേരളത്തിന്റെ ആരോഗ്യ സംരക്ഷണം നമ്മുടെ കൃഷിയിടങ്ങളില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന പച്ചക്കറികളെ ആശ്രയിക്കുന്ന സാഹചര്യം മാറണമെന്നും ഓരോ കുടുംബവും സ്വന്തമായി ഭക്ഷ്യവിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്കാരത്തിലേക്ക് മടങ്ങിവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുക്കളത്തോട്ടങ്ങളിലൂടെയും മട്ടുപ്പാവ് കൃഷിയിലൂടെയും യുവജനങ്ങള്‍ക്ക് കാര്‍ഷിക മേഖലയുമായി ബന്ധപ്പെടാന്‍ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പഴയ തലമുറയില്‍ നിന്ന് അകന്നുപോയ കാര്‍ഷിക മേഖലയുമായുള്ള ‘പൊക്കിള്‍ക്കൊടി ബന്ധം’ പുതിയ തലമുറ വീണ്ടെടുക്കേണ്ട സമയമാണിതെന്നും സമ്പത്തും ആരോഗ്യവും ഒരുപോലെ വീണ്ടെടുക്കാന്‍ സഹായിക്കുന്ന മേഖലയാണ് കൃഷിയെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൃഷി വകുപ്പ് കതിര് എന്ന പേരില്‍ കാര്‍ഷിക ക്ലബ്ബുകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓരോ ക്ലബ്ബിനും ഒരു നോഡല്‍ അധ്യാപകന്, പ്രാദേശിക ജനപ്രതിനിധി, പി.ടി.എ പ്രതിനിധി, പ്രദേശത്തെ മികച്ച കര്‍ഷക പ്രതിനിധി എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സ്കൂള്‍ ക്യാമ്പസുകളിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്ഥലങ്ങളിലോ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും കൃഷി വകുപ്പ് ആവശ്യമായ സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളുകളില്‍ ആരംഭിക്കുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും വീട്ടുമുറ്റത്തേക്ക് വ്യാപിപ്പിക്കുകയാണ് കൃഷി വകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ തലങ്ങളില്‍ മികച്ച കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ത്ഥി കര്‍ഷകരെ ആദരിക്കുന്നതിനും ഭാവിയില്‍ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വിദ്യാര്‍ത്ഥി കര്‍ഷകര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കാന്‍ കഴിയുകയാണെങ്കില്‍ കേരളത്തിന്റെ കാര്‍ഷിക ഭാവി കൂടുതല്‍ സുരക്ഷിതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഷരഹിത ഭക്ഷ്യോല്‍പ്പാദനത്തിലും പ്രകൃതിസൗഹൃദ കൃഷിരീതികളുടെ പ്രചാരണത്തിലും യുവജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് മന്ത്രി വ്യക്തമാക്കി. നൂതന കാര്‍ഷിക ആശയങ്ങള്‍ പ്രായോഗികമാക്കുന്നതിലും കാര്‍ഷിക സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സംസ്ഥാനത്ത് യുവജനങ്ങള്‍ കാര്‍ഷിക മേഖലയിലേക്ക് കടന്നുവരേണ്ടതിന്റെ മികച്ച മാതൃകയാണ് നാടന്‍ അഗ്രോ ഫാമിന്റെ സ്ഥാപകനും യുവ കര്‍ഷകനുമായ എസ്.വി. സുജിത്ത് മുന്നോട്ടുവെയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം’ പദ്ധതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മരിയന്‍ എഡ്യൂസിറ്റി ക്യാമ്പസിലെ 6 ഏക്കര്‍ തരിശ് ഭൂമി ഏറ്റെടുത്ത് പുഷ്പകൃഷി ആരംഭിച്ചതും യുവജനങ്ങള്‍ക്ക് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നൂതന കാര്‍ഷിക ആശയങ്ങളെ പ്രായോഗികമാക്കി കൃഷിയെ ഒരു സംരംഭമായി വളര്‍ത്തിയെടുക്കുന്നതില്‍ എസ്.വി. സുജിത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്നും അദ്ദേഹം യുവജനതയ്ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷിക മേഖലയില്‍ നേരിട്ടുള്ള അനുഭവങ്ങളും പരിശീലന അവസരങ്ങളും സൃഷ്ടിക്കുന്ന ഇത്തരം സംരംഭങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക ഭാവിക്ക് വലിയ പ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ‘ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം’ പദ്ധതി പച്ചക്കറിയുടെയും പുഷ്പങ്ങളുടെയും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും തരിശ് ഭൂമികള്‍ കൃഷിയോഗ്യമാക്കുന്നതിനുമുള്ള ജനകീയ മുന്നേറ്റമാണെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന ഇത്തരം പദ്ധതികളോട് സമൂഹം കൈകോര്‍ക്കുന്നതിന്റെ മികച്ച മാതൃകയാണ് നാടന്‍ അഗ്രോ ഫാമിന്റെ നേതൃത്വത്തില്‍ മരിയന്‍ എഡ്യൂസിറ്റി ക്യാമ്പസില്‍ ആരംഭിച്ച പുഷ്പകൃഷിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഭിവന്ദ്യ പിതാവ് സൂസപാക്യത്തിന്റെ ദീര്ഘവീക്ഷണത്തില് രൂപംകൊണ്ട മരിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നത് അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ സെന്റ് സേവ്യേഴ്സ് കോളേജിലെ 20 ഏക്കറും മരിയന്‍ എഞ്ചിനീയറിങ് കോളേജിലെ 15 ഏക്കറും ഉള്‍പ്പെടെ 35 ഏക്കര്‍ സ്ഥലത്താണ് നാടന്‍ അഗ്രോ ഫാമിന്റെ നേതൃത്വത്തില്‍ വിവിധ കൃഷിപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
തരിശ് ഭൂമികള്‍ കൃഷിയോഗ്യമാക്കുന്നതിലും ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. കേരളത്തെ കാര്ഷികോല്പ്പാദനത്തില് കൂടുതല്‍ സ്വയംപര്യാപ്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്നും കര്‍ഷകരോടൊപ്പം സര്‍ക്കാര്‍ എല്ലായ്പ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി കൃഷി വകുപ്പില്‍ പ്രത്യേക വിഭാഗം രൂപീകരിക്കുമെന്നും നൂതന കാര്‍ഷിക ആശയങ്ങള്‍ വേഗത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 64 ഫാമുകളെ ബന്ധിപ്പിച്ച് അഗ്രി ടൂറിസം ശൃംഖല വികസിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ് അധ്യക്ഷത വഹിച്ചു. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് നിക്കോളാസ്, പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഭുവനചന്ദ്രന് നായര്‍, കഠിനംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന ബീഗം, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ദീപ വി., വെള്ളായണി കാര്‍ഷിക കോളേജ് ഡീന്‍ ഡോ. ജേക്കബ് ജോണ്‍, മരിയന്‍ എഞ്ചിനീയറിങ് കോളേജ് മാനേജര്‍ റവ. ഫാ. ഡോ. എ.ആര്. ജോണ്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


