
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ സിബിഐയ്ക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷ് സമർപ്പിച്ച അപ്പീൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളി.
സിബിഐയ്ക്ക് പ്രോസിക്യൂഷൻ അനുമതി നൽകുന്ന കാര്യം വീണ്ടും പരിഗണിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു മുഹമ്മദ് ഹനീഷിന്റെ അപ്പീൽ. നേരത്തെ കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരാകണമെന്ന നിർദേശത്തിൽ നിന്ന് ഡിവിഷൻ ബെഞ്ച് ഇളവ് നൽകിയിരുന്നുവെങ്കിലും, പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവിൽ ഇടപെടാൻ കോടതി തയ്യാറായില്ല.
ഇതോടെ കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനും ഐഎൻടിയുസി നേതാവുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ. എ. രതീഷ് എന്നിവർക്കെതിരായ നടപടികളിൽ സർക്കാരും പ്രതിരോധത്തിലായി. പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ മാത്രമേ സിബിഐയ്ക്ക് കേസിൽ തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.
സിബിഐ ആവശ്യപ്പെട്ട പ്രോസിക്യൂഷൻ അനുമതി സർക്കാർ തുടർച്ചയായി മൂന്ന് തവണ നിരസിച്ച സാഹചര്യത്തിൽ, അതിന്റെ കാരണങ്ങൾ വിശദീകരിക്കാൻ മുഹമ്മദ് ഹനീഷ് സിംഗിൾ ബെഞ്ച് മുമ്പാകെ ഹാജരാകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
2006 മുതൽ 2015 വരെയുള്ള കാലയളവിൽ കശുവണ്ടി വികസന കോർപറേഷൻ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നതായി സിബിഐ കണ്ടെത്തിയിരുന്നു. എന്നാൽ നടപടിക്രമപരമായ വീഴ്ചകൾ മാത്രമാണ് കണ്ടെത്തിയതെന്നും ക്രിമിനൽ കുറ്റം തെളിയിക്കപ്പെടുന്നില്ലെന്നുമാണ് സർക്കാർ നേരത്തെ നിലപാട് സ്വീകരിച്ചത്. തുടർന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് കോടതിയലക്ഷ്യ ഹർജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിഷയത്തിൽ പുതിയ നിയമനടപടികൾക്ക് വഴിതെളിഞ്ഞത്.


