
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍ വിതരണം ചെയ്യേണ്ട യുഎസ് ക്രൂഡ് ഓയില്‍ വില 5 ശതമാനത്തിലധികം ഇടിഞ്ഞ് ബാരലിന് 80.25 ഡോളറിലെത്തി. ഓഗസ്റ്റിലെ വിതരണത്തിനുള്ള ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് നാല് ശതമാനത്തിലധികം കുറഞ്ഞ് 83.31 ഡോളറിലുമാണുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയായ ഹോര്‍മുസിലൂടെയുള്ള എണ്ണ നീക്കം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷകളെ തുടര്‍ന്ന്, കഴിഞ്ഞ മാര്‍ച്ച് 10 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണവില ഇപ്പോഴുള്ളത്.
എണ്ണവില കുറയുന്നത് ഇന്ത്യയ്ക്ക് വലിയ നേട്ടമാണ്. രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുറയ്ക്കാനും, പണപ്പെരുപ്പ സമ്മര്‍ദ്ദം ലഘൂകരിക്കാനും, കോര്‍പ്പറേറ്റ് ലാഭം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ലോകത്തെ എണ്ണ വിപണിയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പാതകളിലൊന്നാണ് ഹോര്‍മുസ് കടലിടുക്ക് ഈ വര്‍ഷമാദ്യം ഇറാന്റെ ആക്രമണങ്ങള്‍ വലിയ എണ്ണ പ്രതിസന്ധിക്ക് കാരണമാവുകയും, വില കുത്തനെ ഉയരാനും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കും വഴിവെച്ചിരുന്നു. കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നതിന് മുന്‍പ്, ലോകത്തെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോയിരുന്നത് ഈ വഴിയിലൂടെയാണ്.


