
മനാമ: 51 വർഷത്തെ പ്രവാസജീവിതം വിജയകരമായി പൂർത്തീകരിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സ്ഥാപക കുടുംബാംഗം എ. വി. ബാലകൃഷ്ണനും സഹധർമ്മിണി ശോഭന ബാലകൃഷ്ണനും സൊസൈറ്റി കുടുംബാംഗങ്ങൾ യാത്രയയപ്പ് നൽകി.

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി അങ്കണത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം ആശംസിച്ചു.

പ്രവാസി വ്യവസായിയും ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ. ജി. ബാബുരാജൻ ഇരുവരെയും സൊസൈറ്റി കുടുംബാംഗങ്ങളുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും ഓർമ്മകൾ പങ്കുവെച്ച് യാത്രാമംഗളങ്ങൾ നേർന്നു.
1975ൽ ബാപ്കോയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ച മലപ്പുറം എടപ്പാൾ സ്വദേശി എ. വി. ബാലകൃഷ്ണൻ പിന്നീട് മുൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രൊജക്റ്റ് മാനേജരായി സേവനമനുഷ്ഠിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ സജീവ പ്രവർത്തകനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന അദ്ദേഹം നിലവിൽ എടപ്പാൾ കൂട്ടായ്മയുടെ രക്ഷാധികാരിയും സംസ്കാര തൃശ്ശൂരിന്റെ ലൈഫ് ടൈം മെമ്പറുമാണ്. വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.


