
കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ ക്രമസമാധാനം നിലനിർത്തുന്നതിനായി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വോട്ടെണ്ണൽ ദിവസം പടക്കം വിൽപ്പന നടത്തുന്നതിനും കർശന നിയന്ത്രണമുണ്ട്. വിജയാഘോഷങ്ങൾക്ക് തടസ്സമില്ലെങ്കിലും, അത് അതിരുവിടുകയോ സംഘർഷത്തിന് കാരണമാവുകയോ ചെയ്താൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി. പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ യാതൊരുവിധ ചട്ടലംഘനവും നടന്നിട്ടില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. വോട്ടിങ് യന്ത്രങ്ങൾ പൂർണ്ണ സുരക്ഷിതമാണെന്നും സ്ട്രോങ് റൂമുകൾ തുറന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സ്ട്രോങ് റൂമിന് സമീപം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചെന്ന പരാതിയിൽ അടിസ്ഥാനമില്ലെന്നും പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്നും കലക്ടർ കൂട്ടിച്ചേർത്തു.


