
ബെയ്റൂട്ട്: ലബനനിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനിൽ നടന്നത്. 10 മിനിറ്റിനുള്ളിൽ 100 ഇടങ്ങളിലായാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ബെയ്റൂട്ട്, തെക്കൻ ലബനൻ, കിഴക്കൻ ബെഖാ മേഖല എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങൾ തകർക്കപ്പെട്ടു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
ജനത്തിരക്കുള്ള തെരുവുകൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. പരിക്കറ്റവരാൽ ആശുപത്രി നിറഞ്ഞിരിക്കുകയാണ്. അടിയന്തരമായി രക്തം ദാനം ചെയ്യാൻ ആരോഗ്യ മന്ത്രാലയം അഭ്യർഥിച്ചു. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ജനവാസ മേഖലകളിൽ ബോംബാക്രമണം ഉണ്ടായതെന്ന് ലെബനൻ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ഇറാനെതിരായ ആക്രമണങ്ങൾ രണ്ടാഴ്ചത്തയേക്ക് നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ ഈ വെടിനിർത്തലിൽ ലബനൻ ഉൾക്കൊള്ളുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലബനൻ ഉൾപ്പെടെ എല്ലാമേഖലകളിലും വെടിനിർത്തൽ ഉണ്ടാകുമെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് നെതന്യാഹുവിന്റെ പ്രസ്താവന.


