ദില്ലി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്കുമേൽ ഏർപ്പെടുത്തിയ അധിക താരിഫ് രാജ്യത്തെ പ്രതിസന്ധിയിലാക്കാൻ ലക്ഷ്യമിട്ടുള്ളതല്ലെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. റഷ്യ–യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തീരുമാനം ഇന്ത്യയിൽ സൃഷ്ടിച്ച ആശങ്കകൾ പരിഹരിക്കാൻ ശ്രമം നടത്തിവരികയാണെന്നും റൂബിയോ പറഞ്ഞു. അമേരിക്കയിലെ വിസ നിയന്ത്രണങ്ങൾ ഇന്ത്യയ്ക്ക് ദോഷകരമാകില്ലെന്നും ഇന്ത്യയ്ക്കൊപ്പം അമേരിക്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെനസ്വേലയിൽനിന്ന് കൂടുതൽ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് റിലയൻസ് പ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തും. ഗൗതം അദാനിയെയും ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനെയും റൂബിയോ ഇന്ന് കാണുമെന്നും റിപ്പോർട്ടുണ്ട്.

