
മനാമ: നിലവിലെ സംഘര്‍ഷാവസ്ഥയില്‍ ബഹ്റൈനില്‍ കമ്പനികളുടെ വരുമാനം കുറയുകയും ചെലവ് കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവയ്ക്ക് ആറു മാസത്തേക്ക് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എല്‍.എം.ആര്.എ) ഫീസില്‍ ഇളവനുവദിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നു.
അബ്ദുല്‍ വാഹിദ് ഖരാത്തയും മറ്റു നാല് എം.പിമാരുമാണ് ഈ ആവശ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ലൈസന്‍സുകളും വര്‍ക്ക് പെര്‍മിറ്റുകളും നല്‍കാനും പുതുക്കാനുമുള്ള ഫീസ്, സ്പോണ്‍സര്‍ഷിപ്പ് ട്രാന്‍സ്ഫറുകളുടെ ഫീസ്, വര്‍ക്ക് കരാറുകളുമായി ബന്ധപ്പെട്ട റെസിഡന്‍സി പുതുക്കലുകളുടെ ഫീസ്, വാര്‍ഷിക വര്‍ക്ക് കരാര്‍ ചാര്‍ജുകള്‍, റിക്രൂട്ട്മെന്റ് ഫീസ്, കമ്പനികളുടെ സേവനങ്ങള്‍ക്കായി നല്കുന്ന മറ്റു തുകകള്‍ എന്നിവ ഉള്‍പ്പെടെ എല്‍.എം.ആര്.എ. ഈടാക്കുന്ന എല്ലാ ഫീസുകളും ഒഴിവാക്കിക്കൊടുക്കണമെന്നാണ് ആവശ്യം.
ബഹ്റൈനിലെ ബിസിനസുകള്‍ അസാധാരണമായ പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും അവയുടെ വരുമാനം 40 മുതല്‍ 60 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി.


