
തിരുവനന്തപുരം: എസ്ഡിപിഐ പിന്തുണ തീർത്തും വസ്തുതാ വിരുദ്ധമാണ്. എസ്ഡിപിഐയോട് പിന്തുണ തേടിയിട്ടില്ല. നേമത്തും അത് തന്നെ അവസ്ഥ. കഴിഞ്ഞ തവണ നേമത്തെ സാഹചര്യം വേറെയായിരുന്നു. തുറന്ന അക്കൗണ്ട് പൂട്ടിക്കും എന്ന് പ്രഖ്യാപിച്ചാണ് 2021ൽ മത്സരിച്ചത്. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫാണ് നല്ലതെന്ന് കരുതുന്നവർ കാണും അത് ധാരണയുടെ ഭാഗം അല്ല. വർഗ്ഗീയതയുമായി ഇടതുമുന്നണിക്ക് സന്ധിയില്ല. ശുദ്ധമായ വർഗ്ഗീയ വിരുദ്ധ നിലപാടാണ് എൽഡിഎഫിനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
അതേസമയം കൊല്ലം വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. മുപ്പതോ നാൽപ്പതോ മിനിറ്റ് സംസാരിക്കുന്നതാണ് രീതി. തെരഞ്ഞെടുപ്പ് തിരക്ക് കൂടി കണക്കിലെടുത്താണ് സമയം ക്രമീകരിക്കുന്നത്. ആര് ചോദിക്കുന്നു എന്ന് നോക്കിയല്ല ഉത്തരം പറയുന്നത്. ആര് ചോദിക്കണമെന്ന് തീരുമാനിക്കേണ്ടത് മാധ്യമ പ്രവർത്തകരാണ്. സമയം ദീർഘിച്ചപ്പോഴാണ് എണീറ്റത്. ചില ആളുകൾ ബഹളത്തിന് തയ്യാറായി വരുന്നു. എണീറ്റ് പോയപ്പോൾ പിന്നിൽ വലിയ ബഹളമുണ്ടായി. ക്ലാരിഫൈ ചെയ്യുന്നതാണ് നല്ലതെന്ന് തോന്നിയാണ് തിരിച്ച് വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മനസിലുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ പറ്റില്ലല്ലോ. ഇത് പുതിയ അനുഭവമാണ്. കാര്യങ്ങൾ എങ്ങനെ വക്രീകരിക്കുമെന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം വികസന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു. ട്രാൻഷിപ്മൻ്റ് രംഗത്ത് വലിയ സാധ്യതയാണുള്ളത്. കേരളത്തിലെ സാമ്പത്തിക വളർച്ചക്ക് ദീർഘകാല അടിത്തറ പകരുന്ന പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2028ൽ നാല്ഘട്ടവും പൂർത്തിയാക്കും. റെക്കോർഡ് നേട്ടമായിരുന്നു കഴിഞ്ഞ വർഷം വിഴിഞ്ഞത്ത്.125 കോടി ഇത് വരെ സംസ്ഥാനത്തിന് വരുമാനം ഉണ്ടായി. നാവായിക്കുളം ഔട്ടർ റിംഗ് റോഡ് വലിയ പദ്ധതിയാണ്. ഐടി മേഖലയിലും വലിയ വികസനം ഉണ്ടായി. ഐടി പാർക്കുകൾ വഴിയുള്ള കയറ്റുമതിയിൽ 200% വളർച്ച. കമ്പനികളുടെ എണ്ണവും തൊഴിലവസരങ്ങളും കുത്തനെ കൂടി. പത്ത് വർഷത്തിനിടെ സർക്കാർ 70000 അധികം തൊഴിലവസരം ഉണ്ടാക്കി. വികസനപാത തുടരണോ, അതാണ് ജനങ്ങളോട് സംസാരിക്കാനുള്ളത്.


