
ലണ്ടന്‍: യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങളുടെ മുന്‍കൈയില്‍ വന്‍പദ്ധതി തയ്യാറാക്കുന്നു. കപ്പലുകള്‍ക്ക് യുദ്ധക്കപ്പലുകളുടെ അകമ്പടി നല്കുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്. ഫ്രാന്‍സും ബ്രിട്ടനുമാണ് ഈ പദ്ധതിയുടെ സൂത്രധാരന്മാര്. നേരത്തെ തന്നെ ഈ പദ്ധതി ആലോചിച്ചിരുന്നതായി യൂറോപ്യന്‍ യൂനിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന് യുദ്ധത്തില്‍ പങ്കുചേരാന്‍ പ്രസിഡന്റ് ട്രംപ് പല തവണ ആവശ്യപ്പെട്ടിട്ടും യൂറോപ്യന്‍ രാജ്യങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. യുദ്ധത്തിനു മുമ്പ് യൂറോപ്യന്‍ നേതാക്കളെ അവമതിക്കുകയും അവഗണിക്കുകയും ചെയ്ത ട്രംപ് പിന്നീട് സഹായം തേടുകയായിരുന്നു. ഈ ചര്‍ച്ചകളോട് അനുകൂലമായി പ്രതികരിക്കാതിരുന്ന യൂറോപ്യന്‍ നേതാക്കള്‍ ഇപ്പോള്‍ യുദ്ധാനന്തര സുരക്ഷയ്ക്കു വേണ്ടിയുള്ള രഹസ്യ ചര്‍ച്ചകള്‍ തുടരുകയാണ്. യുദ്ധം തീര്‍ന്നാല്‍, ഇറാന്റെ തീരപ്രദേശത്തെ സമുദ്ര സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
പേര്‍ഷ്യന്‍ ഗള്‍ഫിന്റെ കവാടമായ ഹോര്‍മുസ് കടലിടുക്ക് ഇറാന് അടച്ചിട്ടിരിക്കുകയാണ്. ലോകത്തിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. യുദ്ധം അവസാനിച്ചാല്‍ ഈ കപ്പല്‍ പാതയിലൂടെയുള്ള ഗതാഗതം സംരക്ഷിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് യൂറോപ്യന്‍ നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി, പുറംലോകം അറിയാതെ, കരുക്കള്‍ നീക്കുകയാണ് ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍.


