മനാമ: ബഹ്റൈനിൽ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സാംസ്കാരിക, സാമൂഹിക, കായിക സംഘടനകൾക്കും ക്ലബ്ബുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും നിയമലംഘനം നടത്തിയാൽ ഭരണപരമായ പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന ബിൽ ചൊവ്വാഴ്ച പാർലമെന്റിന്റെ പരിഗണനയ്ക്കും വോട്ടെടുപ്പിനുമായി സമർപ്പിക്കും.
നിയമലംഘനങ്ങൾ തടയുന്നതിനായി മുന്നറിയിപ്പും പിഴയും ഉൾപ്പെടുന്ന ഘട്ടംഘട്ടമായ നടപടികളാണ് സർക്കാർ തയ്യാറാക്കിയ ബില്ലിൽ നിർദേശിച്ചിരിക്കുന്നത്. ആവശ്യമായ ഭേദഗതികളോടെ ബിൽ അംഗീകരിക്കണമെന്ന് സർവീസസ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.
പുതിയ ഭേദഗതി പ്രകാരം നിയമലംഘനം കണ്ടെത്തിയാൽ അത് പരിഹരിക്കാൻ അധികൃതർ ആദ്യം നിശ്ചിത സമയം അനുവദിച്ച് മുന്നറിയിപ്പ് നൽകും. ഇത് അവഗണിച്ചാൽ 50 ബഹ്റൈൻ ദീനാർ വരെ പിഴ ചുമത്താം. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.
മുൻ കരടിൽ നിർദേശിച്ചിരുന്നതുപോലെ ക്ലബ്ബിന്റെയോ അസോസിയേഷന്റെയോ ഭരണസമിതി അംഗങ്ങളെ നേരിട്ട് പുറത്താക്കാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥ പുതിയ ബില്ലിലില്ല. മുന്നറിയിപ്പ് അവഗണിക്കുന്ന ഭാരവാഹികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധപ്പെട്ട മന്ത്രി കോടതിയെ സമീപിക്കണമെന്നാണ് ഭേദഗതിയിലെ വ്യവസ്ഥ.
പിഴയ്ക്കെതിരെ 15 ദിവസത്തിനകം പരാതി നൽകാനും ആവശ്യമെങ്കിൽ 60 ദിവസത്തിനകം കോടതിയെ സമീപിക്കാനും അവസരമുണ്ടാകും. സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കാതെ ഫലപ്രദമായ മേൽനോട്ടം ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.
യോഗങ്ങളുടെ മിനിറ്റ്സ് സമർപ്പിക്കാതിരിക്കുക, പൊതുയോഗങ്ങൾ കൃത്യമായി നടത്താതിരിക്കുക, ബാങ്ക് അക്കൗണ്ടുകൾ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ സംഘടനകളിൽ വർധിക്കുന്നതായി സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

