
മനാമ: നിരവധി അറബ് രാജ്യങ്ങള്‍ക്കു നേരെയുള്ള ഇറാനിയന്‍ സൈനിക ആക്രമണംത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് അറബ് നെറ്റ്വര്‍ക്ക് ഓഫ് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു.
ആക്രമണങ്ങളുടെ ഫലമായുണ്ടായ പ്രാദേശിക സംഘര്‍ഷങ്ങളുടെയും സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തില്‍ അറബ് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടന്ന അറബ് നെറ്റ്വര്‍ക്ക് ഓഫ് നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ 26ാമത് അസാധാരണ ജനറല്‍ അസംബ്ലി യോഗമാണ് ഈ ആവശ്യമുന്നയിച്ചത്. ഇതടക്കമുള്ള അടിയന്തര മനുഷ്യാവകാശ ശുപാര്‍ശകള്‍ മുന്നോട്ടുവച്ചുകൊണ്ടാണ് യോഗം അവസാനിച്ചത്.
ആക്രമണങ്ങള്‍ സാധാരണക്കാരുടെ ജീവനുകള്‍ക്ക് നേരിട്ടുള്ള ഭീഷണി ഉയര്‍ത്തുന്നതായും പൊതുസമൂഹത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യംവെച്ചുള്ളതാണെന്നും ഇത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും പങ്കെടുത്തവര്‍ പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങളില്‍ സാധാരണക്കാരെ സംരക്ഷിക്കുന്നതില്‍ അറബ് ദേശീയ സ്ഥാപനങ്ങള്‍ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കാനും വൈദഗ്ധ്യം കൈമാറാനും പങ്കെടുത്തവര്‍ ആഹ്വാനം ചെയ്തു.
ഗള്‍ഫ്, അറബ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണം ആരംഭിച്ച് അന്താരാഷ്ട്ര നിയമങ്ങളുമായുള്ള അവയുടെ അനുയോജ്യത വിലയിരുത്തി അന്താരാഷ്ട്ര സമൂഹം അവരുടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.


