
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുമായിരുന്ന ആര്. രശ്മി ബി.ജെ.പിയില്‍ ചേര്‍ന്നു.
മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് രശ്മി അംഗത്വം സ്വീകരിച്ചത്. സി.പി.എം. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഐഷ പോറ്റിയെ കൊട്ടാരക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് രശ്മി പാര്‍ട്ടി വിട്ടതെന്നറിയുന്നു. രശ്മി ഇക്കുറിയും കൊട്ടാരക്കരയില്‍ യു.ഡി.എഫ്. സ്ഥാനാര്ത്ഥിത്വംപ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായാണ് ഐഷ പോറ്റി കോണ്‍ഗ്രസിലെത്തിയത്. ഇതോടെ രശ്മി രണ്ട് നിബന്ധനകള്‍ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്നില്‍ വെച്ചിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ സാമ്പത്തിക ബാധ്യത പാര്‍ട്ടി തീര്‍ക്കണമെന്നും യു.ഡി.എഫ.് അധികാരത്തില്‍ വന്നാല്‍ ബോര്‍ഡ്- കോര്പറേഷന് സ്ഥാനങ്ങള്‍ ഏതെങ്കിലുമൊന്ന് നല്‍കണമെന്നുമായിരുന്നു രശ്മിയുടെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഈ ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നതോടെയാണ് രശ്മി പാര്‍ട്ടിവിട്ട് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.എന്‍. ബാലഗോപാലിനെതിരെയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഇത്തവണ രശ്മി കൊട്ടാരക്കരയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനയുണ്ട്.


