
മനാമ : കലയും സാഹിത്യവും നമ്മുടെ സാമൂഹിക അടിത്തറയെ സമ്പന്നമാക്കുമെന്ന് കവിയും അധ്യാപകനും മലയാളം മിഷൻ മുൻ രജിസ്ട്രാറും വൈലോപ്പിള്ളി സംസ്കൃതി ഭവൻ മുൻ വൈസ് ചെയർമാനുമായ വിനോദ് വൈശാഖി. ബഹ്റൈൻ പ്രതിഭയുടെ 2026-27 പ്രവർത്തനവർഷത്തേക്കുള്ള വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാടനം അദിലിയയിലെ ബാംഗ് സാങ് തായ് ഹാളിൽ വെച്ച് നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബഹ്റൈൻ പ്രതിഭ പോലെയുള്ള സാംസ്ക്കാരിക സംഘടനകൾക്ക് നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ വിവിധ കലാ കായിക സാഹിത്യ സാംസ്ക്കാരിക ജീവകാരുണ്യ വീഥികളിലൂടെ ഒരു പാട് കാര്യങ്ങൾ ഈ സമൂഹത്തോട് പറയാനുണ്ട് .പണ്ട് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട് കേരളം ഭ്രാന്താലയമാണ് അതിനെ ചിന്താലയമാക്കിയെടുക്കാൻ ഞാൻ തുടക്കമിടുകയാണ് എന്ന്. എന്നാൽ ഇപ്പോൾ ആ ചിന്താലയത്തെ വീണ്ടും ഭ്രാന്താലയമാക്കി മാറ്റിയെടുക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമത്തെ സാംസ്ക്കാരിക സംഘടനകൾ തിരിച്ചറിഞ്ഞു കൊണ്ട് അതിനെതിരെ പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
അന്നവും വസ്ത്രവും ഒരു മുട്ടില്ലാതെ തരുന്നത് ഒരു സർക്കാരാണെങ്കിൽ ആ സർക്കാരാണ് ദൈവം എന്ന് ശ്രീ നാരായണ ഗുരുവിന്റെ ദൈവദശകം ഉദ്ധരിച്ചു കൊണ്ട് വിനോദ് വൈശാഖി സദസ്സിനെ ഓർമിപ്പിച്ചു. സാംസ്ക്കാരിക രാഷ്ട്രീയ വികസനം എന്ന ആശയമാണ് ഇന്ന് കേരളത്തിൽ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത് എന്ന് നാം മനസ്സിലേക്കേണ്ടതുണ്ട്. കവിതയുടെയും സാഹിത്യത്തിലൂടെയും അനീതിക്കെതിരെ പ്രതിരോധം തീർക്കാമെന്ന് നമ്മൾ പ്രതിജ്ഞ ചെയ്യണം. അതിനായി പ്രതിഭയുടെ എല്ലാ സബ് കമ്മിറ്റി വേദികളും നേതൃത്വം കൊടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രതിഭ പ്രസിഡണ്ട് മഹേഷ് കെ വി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് സ്വാഗതം ആശംസിച്ചു കൊണ്ട് ജനറൽ സെക്രട്ടറി സുലേഷ് വി കെ സംസാരിച്ചു. മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ ,രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈർ കണ്ണൂർ,പി.ശ്രീജിത്ത്, വനിതാ വേദി സെക്രട്ടറി സരിത മേലത്ത് എന്നിവർ ചടങ്ങിനെ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും പരിപാടിയുടെ കൺവീനറുമായ സജീവൻ മാക്കണ്ടിയിൽ നന്ദി അറിയിച്ചു സംസാരിച്ചു. രാജീവ് കെ.പി, ധന്യ വയനാട് എന്നിവർ പരിപാടിയുടെ അവതാരകരായി. പ്രതിഭ സ്വരലയ ഗായകർ അവതരിപ്പിച്ച സംഗീതവിരുന്നും, നാല് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ നൂറോളം കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിന് ഏറെ മാറ്റുകൂട്ടി.


