കൊച്ചി: കുംഭമേളയിലൂടെ ശ്രദ്ധേയയായ പെൺകുട്ടിക്കും ഭർത്താവ് ഫർമാനും അനുവദിച്ചിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിൻവലിച്ചു. ഇരുവരെയും കണ്ടെത്താനോ ബന്ധപ്പെടാനോ സാധിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
പെൺകുട്ടിയും ഭർത്താവും പൊലീസിന് നൽകിയ മേൽവിലാസത്തിൽ ഇരുവരെയും കണ്ടെത്താനായില്ല. നൽകിയ ഫോൺ നമ്പറുകളിലും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇത്തരത്തിൽ ബന്ധപ്പെടാതിരിക്കുന്നത് പെൺകുട്ടിയുടെ പതിവ് രീതിയാണെന്നും സർക്കാർ അറിയിച്ചു.

പെൺകുട്ടി വീണ്ടും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം ആവശ്യമായ സുരക്ഷ നൽകുന്നതിനെക്കുറിച്ച് പരിഗണിച്ചാൽ മതിയെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി.
അതേസമയം, ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ മധ്യപ്രദേശിലെ മഹേശ്വർ പ്രത്യേക പോക്സോ കോടതി നേരത്തെ തള്ളിയിരുന്നു. നിലവിൽ കൊച്ചിയിൽ കഴിയുന്ന ഫർമാനും പെൺകുട്ടിയും പൊലീസ് സംരക്ഷണം നീട്ടണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.


