
തിരുവനന്തപുരം: വീട്ടുവേലക്കാരിയായ ദലിത് യുവതി പനവൂര്‍ പനയമുട്ടം സ്വദേശിനി ആര്. ബിന്ദുവിനെ വ്യാജ മോഷണക്കേസില്‍ കുടുക്കി പോലീസ് മാനസികമായി പീഡിപ്പിച്ച കേസില്‍ പരാതിക്കാരിയായ വീട്ടുടമ അമ്പലമുക്ക് സ്വദേശി ഓമന ഡാനിയല്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ എസ്.സി, എസ്.ടി കമ്മീഷന് ഉത്തരവിട്ടു.
ബിന്ദു തന്റെ വീട്ടില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ചെന്ന് പരാതി നല്‍കിയത് ഓമനയാണ്. പിന്നീട് ഓമനയുടെ വീട്ടില്‍നിന്നു തന്നെ മാല കണ്ടെത്തിയിരുന്നു. തെളിയിക്കപ്പെടാത്ത കേസിന്റെ മറവില്‍ പാവപ്പെട്ട പട്ടികജാതി സ്ത്രീയെ നിയമവിരുദ്ധമായി 20 മണിക്കൂറോളം പോലീസ് കസ്റ്റഡിയില്‍ വെച്ചുവെന്ന് അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നുണ്ടെന്ന് കമ്മീഷന് ഉത്തരവില്‍ പറയുന്നു. ബിന്ദുവിന് അനുഭവിക്കേണ്ടിവന്ന മാനസിക പീഡനത്തിനും മാനഹാനിക്കും ശാരീരിക അവശതയ്ക്കും നിയമപരമായി പരിഹാരം കണ്ടെത്താന്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാവുന്നതാണെന്ന് കമ്മീഷന് നിര്‍ദേശിച്ചു. പരാതി ലഭിച്ചാല്‍ പേരൂര്‍ക്കട പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് തുടര്‍നടപടി സ്വീകരിക്കണമെന്നും കമ്മീഷന് പേരൂര്‍ക്കട എസ്.എച്ച്.ഒയ്ക്കു നിര്‍ദേശം നല്കി.
മാല നഷ്ടപ്പെട്ടത് ഏപ്രില്‍ 18നാണെങ്കിലും പരാതി നല്‍കിയത് 23നായിരുന്നു. വീട്ടില്‍ അറിയിക്കാതെ ഒരു രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ ഇരുത്തി ബിന്ദുവിനെ ക്രൂരമായി ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്ക്ക് 12 മണി വരെ അനധികൃതമായി കസ്റ്റഡിയില്‍ വെക്കുകയും ചെയ്തിരുന്നു.
