
കോഴിക്കോട്: കണ്ണൂര്‍ അഴീക്കലില്‍നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചു തീപിടിച്ചു കൊച്ചി തീരത്തേക്ക് നീങ്ങുകയായിരുന്ന സിംഗപ്പൂര്‍ ചരക്കുകപ്പല്‍ ‘വാന്‍ ഹയി 503’ 58 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് വലിച്ചുനീക്കി.
കാലാവസ്ഥ പ്രതികൂലമായിത്തന്നെ തുടരുന്ന സാഹചര്യത്തില്‍ മെല്ലെയാണ് വലിച്ചുനീക്കല്‍ നടക്കുന്നത്. അതിനിടെ കപ്പലിലെ ഇന്ധനശേഖരം എവിടെയെന്ന് രക്ഷാസംഘം കണ്ടെത്തി. കപ്പലില്‍ നിലവില്‍ ബന്ധിപ്പിച്ചിരിക്കുന്ന ഒരു വടത്തിനു പുറമെ മറ്റൊന്നു കൂടി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
കാര്‍ഗോ 3നും 5നുമിടയ്ക്ക് നാല് ഹെവി ഫ്യൂവല്‍ ടാങ്കുകളും കാര്‍ഗോ ആറിനും എഞ്ചിന് റൂമിനും സമീപം 2 മറൈന്‍ ഡീസല്‍ ഓയില്‍ ടാങ്കുകളുമാണ് സ്ഥിതിചെയ്യുന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. കപ്പലിന്റെ ഡെക്കിനടിയില്‍ ഇപ്പോഴും തീയുണ്ട്. അതണയ്ക്കാനും കപ്പലിന്റെ മറ്റു ഭാഗങ്ങള്‍ തണുപ്പിക്കാനുമുള്ള ശ്രമങ്ങളും നടക്കുന്നു. ഇപ്പോള്‍ കപ്പലിനെ ഓഫ്ഷോര്‍ വാരിയര്‍ എന്ന ടഗുമായി ഇരുമ്പുവടം ഉപയോഗിച്ചു ബന്ധിപ്പിച്ചാണ് വലിച്ചുനീക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററില്‍നിന്ന് കപ്പലിന്റെ ഡെക്കിലിറങ്ങുകയും ഇരുമ്പുവടം ബന്ധിപ്പിച്ച് വലിച്ചുനീക്കല്‍ നടത്തുകയും ചെയ്തിരുന്നു.
ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും കപ്പലിലിറങ്ങി മറ്റൊരു വടം കൂടി ബന്ധിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. ഇതിനായുള്ള ശ്രമങ്ങള്‍ ഇന്നും തുടരും. കഴിഞ്ഞ ദിവസം കൊച്ചി തീരത്തിന്റെ 22 നോട്ടിക്കല്‍ മൈല്‍ അകലെ വരെ ഒഴുകിവന്ന കപ്പലാണ് പിന്നീട് 47 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്കും രാത്രി 11 മണിയോടെ 57 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്കും വലിച്ചുനീക്കിയത്. ഇന്നു രാവിലെ വിവരം ലഭിക്കുമ്പോള്‍ 58 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍.
