മനാമ: ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബിടിഇഎ) “സെലിബ്രേറ്റ് ബഹ്റൈൻ” എന്ന പ്രമേയത്തിൽ സംഗീത, സാംസ്കാരിക, കായിക പരിപാടികൾ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ ദേശീയ ദിനം അടയാളപ്പെടുത്തുന്നത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ അന്തിമ ലിസ്റ്റ് പ്രഖ്യാപിച്ചു.
ഡിസംബറിൽ വിവിധ ഗവർണറേറ്റുകളിലായി കുടുംബ, സംഗീത, സാംസ്കാരിക, കായിക പരിപാടികളുടെ വിപുലമായ ശ്രേണിയാണ് പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കുമായി ഒരുക്കുന്നത്.
ഫാമിലി കാർണിവലായ “ഫെസ്റ്റിവൽ സിറ്റി” , ഇൻഫർമേഷൻ മന്ത്രാലയം സംഘടിപ്പിക്കുന്ന ഹെറിറ്റേജ് വില്ലേജ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ്, എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടന്ന വാർഷിക ഷോപ്പിംഗ് എക്സിബിഷനായ “ശരത്കാല മേള” എന്നിവ നടക്കും. കൂടാതെ പുതുവത്സരാഘോഷവും ബഹ്റൈൻ ഷോപ്പിങ് ഫെസ്റ്റിവലും വിവിധ വേദികളിൽ നടക്കും.
മറാസി അൽ ബഹ്റൈൻ, ബഹ്റൈൻ ബേ, വാട്ടർ ഗാർഡൻ സിറ്റി, ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബർ, ബഹ്റൈൻ ഫോർട്ട്, ബഹ്റൈൻ നാഷണൽ മ്യൂസിയം, അൽ നജ്മ ക്ലബ് തുടങ്ങി വിവിധ വേദികളിൽ ആഘോഷങ്ങൾ നടക്കും. പുതുവത്സരാഘോഷങ്ങളിൽ കരിമരുന്ന് പ്രയോഗവും ഉണ്ടാകും.
ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസ് ദേശീയദിനവും പുതുവത്സരവും പ്രമാണിച്ച് അൽ ദാന ആംഫി തിയറ്ററിൽ സംഗീത, സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. നാഷനൽ തിയറ്ററിൽ ബഹ്റൈൻ ഫിൽ ഹാർമോണിക് ഓർക്കസ്ട്രയുടെ പരിപാടിയും നടക്കും. ബി.എൻ.പി പാരിബാസ് ബഹ്റൈൻ ജാസ് ഫെസ്റ്റിവലിന്റെ ഏഴാം പതിപ്പ്, മുഹറഖ് സിറ്റിയിൽ ‘മുഹറഖ് നൈറ്റ്സ്’ ഫെസ്റ്റിവൽ രണ്ടാം പതിപ്പ് എന്നിവയും നടക്കും.
അയൺമാൻ 70.3 മിഡിലീസ്റ്റ് ചാമ്പ്യൻഷിപ്, റോട്ടാക്സ് മാക്സ് ചലഞ്ച് ഗ്രാൻഡ് ഫൈനൽ, കുതിരപ്പന്തയ മത്സരങ്ങൾ, ബ്രേവ് ചാമ്പ്യൻഷിപ് സീരീസ് എന്നിവയടക്കം സ്പോർട്സ് ഇവന്റുകളും നടക്കും.
ഡിസംബറിൽ ബഹ്റൈനിലേക്ക് വരുന്ന സന്ദർശകർക്കായി ഗൾഫ് എയർ ഫ്ലൈറ്റ് ചാർജിൽ 16% കിഴിവ് ഉൾപ്പെടെ നിരവധി ഓഫറുകൾ നൽകും. മോഡ മാൾ, സിറ്റി സെന്റർ ബഹ്റൈൻ, സീഫ് മാൾ, ദി അവന്യൂസ് എന്നിവിടങ്ങളിലെ സ്റ്റോറുകളിലെ മാളുകളിലും റെസ്റ്റോറന്റുകളിലും കിഴിവുകളും ഈ മാളുകളിലെ റെസ്റ്റോറന്റുകളിൽ വിലയേറിയ സമ്മാനങ്ങൾക്കും ഓഫറുകൾക്കുമുള്ള നറുക്കെടുപ്പുകളും ഉണ്ടായിരിക്കുമെന്ന് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു.
വിനോദസഞ്ചാരികൾക്കായി താമസം, വിനോദം, ഗതാഗതം എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പാക്കേജുകളും വിവിധ ഹോട്ടലുകളിൽ താമസ ഓഫറുകളും ഉണ്ടാകും. അതിൽ രണ്ട് രാത്രികൾ താമസിക്കുമ്പോൾ ഒരു രാത്രി സൗജന്യം, മൂന്ന് രാത്രിയോ അതിൽ കൂടുതലോ തങ്ങുമ്പോൾ കുട്ടികൾക്ക് സൗജന്യ താമസം, കൂടാതെ രണ്ടോ അതിലധികമോ ദിവസം താമസിക്കുമ്പോൾ സൗജന്യ ഹോട്ടൽ സേവനങ്ങൾക്ക് പുറമേ, പ്രഭാത ഭക്ഷണം നൽകുക എന്നീ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ബഹ്റൈനിലെ സംഗീത സാംസ്കാരിക വൈവിധ്യങ്ങൾ, ഗോൾഫ് അനുഭവങ്ങൾ, കോറൽ ഇവന്റുകൾ, കായിക ഇവന്റുകൾ, പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കൽ തുടങ്ങി നിരവധി മേഖലകളിൽ നടക്കുന്ന പരിപാടികളിൽ വിനോദസഞ്ചാരികൾക്കായി പ്രത്യേക പാക്കേജുകളും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി വാഗ്ദാനം ചെയ്യുന്നു.
ആഘോഷ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെയും സന്ദർശകരെയും ആകർഷിക്കുന്നതിനുമായി പ്രചാരണപരിപാടികൾ ആരംഭിച്ചു. ഇവന്റുകളുടെ പൂർണ വിശദാംശങ്ങൾ calendar.bhൽ ലഭ്യമാകും.