മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷവും നവരാത്രി ആഘോഷവും വിദ്യാരംഭവും വിപുലമായ രീതിയിൽ ആഘോഷിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് ഒക്ടോബർ 15 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ സൊസൈറ്റി ആസ്ഥാനത്ത് വൈകിട്ട് 7.30 മുതൽ പ്രത്യേക പ്രാർത്ഥനയും, നവരാത്രിയുമായി ബന്ധപ്പെട്ട കലാപരിപാടികളും ഉണ്ടായിരിക്കും.
വിദ്യാരംഭ ദിവസമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 4.30 മുതൽ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശരത്ത് കുഞ്ഞുങ്ങൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നു നൽകും. ഇതോടൊപ്പം സംഗീതത്തിന്റെ സപ്തസ്വരങ്ങളും കുറിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കും.
വിദ്യാരംഭത്തിന്റെ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ജനറൽ സെക്രട്ടറി ബിനുരാജ് (3988 2437) മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത്ത് (3434 7514) എന്റർടൈം സെക്രട്ടറി ബിനുമോൻ (3641 5481) എന്നിവരുമായി ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ കീഴിലുള്ള ജിഎസ്എസ് മലയാളം പാഠശാലയുടെ അഡ്മിഷൻ തുടരുകയാണ്. ക്ലാസുകൾ എല്ലാ ശനിയാഴ്ചയും വൈകിട്ട് 7.30 മുതൽ 8.30 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യൻ ഡിലൈറ്റ്സിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ജിഎസ്എസ് ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ്, വൈസ് ചെയർമാൻ സതീഷ് കുമാർ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളായ അജികുമാർ, ശിവജി, രഞ്ജിത്ത്, ബിനുമോൻ രതീഷ് പട്ടായി എന്നിവരും പങ്കെടുത്തു.