മനാമ: കഴിഞ്ഞ ദിവസം ബഹ്റൈനിലെ കാർ അപകടത്തിൽ മരണപ്പെട്ട സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരായ 4 മലയാളികളും, ഒരു തെലങ്കാന സ്വദേശിയുടെയും മൃതദേഹം കാണാനായി നിരവധിപേരാണ് സൽമാനിയ മെഡിക്കൽ കോളേജിൻറെ മോർച്ചറിയിൽ എത്തിയത്. അവിടത്തെ കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. ഒപ്പം ജോലി ചെയ്തവരും, സുഹൃത്തുക്കളും സാമൂഹിക- മാധ്യമ പ്രവർത്തകരും എത്തി.
ചടുല നൃത്തങ്ങൾ ഉൾപ്പടെ ഓണാഘോഷത്തിലെ മികച്ച പ്രകടനങ്ങൾ നടത്തിയ സുഹൃത്തുക്കൾ മോർച്ചറിയിലെ ശവപ്പെട്ടിയിൽ കിടക്കുന്നത് കണ്ടു നിലവിളികളോടെയും ഒന്ന് സംസാരിക്കാൻ പോലും കഴിയാതെയുമാണ് മിക്കവരും അവിടെ നിന്നും മടങ്ങി പോയത്. തകർന്ന ഹൃദയവുമായി ഇവർ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ സി.ഇ.ഓ ഉൾപ്പടെയുള്ളവർ മോർച്ചറിയിൽ അവസാന യാത്ര അയപ്പ് നൽകി. ഇന്ന് വൈകുന്നേരത്തെ ഒമാൻ എയറിൽ ഇവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.