മനാമ: ബഹ്റൈൻ വ്യവസായ വാണിജ്യ, ടൂറിസം മന്ത്രി സായിദ് അൽ സയാനി ഉത്ഘാടനം നിർവഹിച്ച ബഹ്റൈൻ ബേയിലെ ആദ്യ ഡ്രൈവ് ഇൻ സിനിമ ഇതിനോടകം തന്നെ ശ്രദ്ധേയമായി. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സിനിമ ശാലകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ കാറിലിരുന്ന് സിനിമ കാണാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പീക്കോ ഇൻറര്‍നാഷനല്‍ ഗ്രൂപ്പും മുക്ത എ 2 സിനിമാസും ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.
ഒരേ സമയം 100 കാറുകൾ പാർക്ക് ചെയ്തു സിനിമ കാണാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും രണ്ട് സിനിമകളാണ് പ്രദർശിപ്പിക്കുന്നത് എന്നും മലയാളം,ഹിന്ദി തുടങ്ങി വിവിധ ഭാഷ ചിത്രങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് എന്നും മുക്ത എ 2 സിനിമയുടെ ജനറൽ മാനേജർ പ്രസാദ് പ്രഭാകരൻ അറിയിച്ചു. നവീകരണത്തിനും പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളെ വെല്ലുവിളിക്കുന്നതിനും ബഹ്റൈനിലെ സ്വകാര്യമേഖലയെ മന്ത്രി അഭിനന്ദിച്ചു. പൊതുവെ സമ്പദ്വ്യവസ്ഥ നേരിടുന്ന അസാധാരണമായ ഈ സാഹചര്യങ്ങളെ നേരിടാൻ വിനോദ മേഖലയെ വികസിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നുവെന്നും ആഗോള മാറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു പുതിയ ഓപ്ഷനായാണ് ഡ്രൈവ് ഇൻ സിനിമ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കൂടുതൽ മുൻകരുതലുകളോടെ തയ്യാറാക്കിയ ഡ്രൈവ് ഇൻ സിനിമയ്ക്ക് ഏറെ പ്രേത്യേകതയുള്ളതായും ഈ സ്വപ്ന സാഷാത്കാരത്തിന് നിരവധി പേരോട് കടപ്പെട്ടിരിക്കുന്നതായും പിക്കോ പ്രൊജക്റ്റ് മാനേജർ ഋഷികേശ് ഹരി സ്റ്റാർവിഷൻ ന്യൂസിനോട് പറഞ്ഞു. വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സുരക്ഷിതമായി ഈ അവധി ആഘോഷിക്കാനുള്ള ഒരു അവസരം കൂടിയാണ് ഡ്രൈവ് ഇൻ സിനിമ. മലയാളികൾ ഉൾപ്പടെ നിരവധി പേരാണ് ദിനംപ്രതീ സിനിമ കാണാനായി ഇവിടെയെത്തുന്നത്.